വില്‍പനയില്‍ ഇടിവ്; 14000 പേരെ പിരിച്ചുവിടാനൊരുങ്ങി നോക്കിയ, പുറകെ എറിക്സണും

സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ വില്‍പനയില്‍ ഇടിവുണ്ടായ സാഹചര്യത്തിലാണ് നോക്കിയ ചിലവ് ചുരുക്കല്‍ നടപടികള്‍ സ്വീകരിക്കുന്നത്. ഫിന്നിഷ് ടെലികോം ഉപകരണ നിര്‍മാതാക്കളായ കമ്പനിയില്‍ നിന്ന് 14000 പേരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. കമ്പനിയുടെ 5ജി ഉപകരണ വില്‍പനയില്‍ ഇടിവുണ്ടായതാണ് വലിയ തിരിച്ചടിയായത്.

നിലവില്‍ 86000 ജീവനക്കാരുള്ളതില്‍ പിരിച്ചുവിടല്‍ പൂര്‍ത്തിയാകുന്നതോടെ 72000 മുതല്‍ 77000 ജീവനക്കാര്‍ വരെയായി ജീവനക്കാരുടെ എണ്ണം കുറയും. ടെലികോം ഉപകരണ നിര്‍മാണ രംഗത്ത് നോക്കിയയുടെ മുഖ്യ എതിരാളിയായ എറിക്സണും സമാനമായ നഷ്ടം നേരിടുന്നുണ്ട്. എറിക്സണും ഈ വര്‍ഷം ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുകയാണ്.

ചെലവ് ചുരുക്കല്‍ നടപടികളിലൂടെ 2026 ആവുമ്പോഴേക്കും 80 കോടി യുറോ മുതല്‍ 120 കോടി യൂറോ വരെ സേവിങ്സ് കണ്ടെത്താനാണ് നോക്കിയ ലക്ഷ്യമിടുന്നത്. 2024 ല്‍ മാത്രം 40 കോടി യൂറോ ശേഖരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇക്കാരണത്താല്‍ പിരിച്ചുവിടല്‍ നടപടികള്‍ അതിവേഗമാക്കും.

Top