രാജ്യത്ത്‌ പുതിയ 
തൊഴിലുകളില്‍ ഇടിവ് ; ഇപിഎഫ്‌ വരിക്കാരുടെ എണ്ണത്തിൽ തുടർച്ചയായി ഇടിവ്‌

രാജ്യത്തെ സംഘടിതമേഖലയിൽ പുതിയ തൊഴിലുകൾ കുറയുന്നതായി കേന്ദ്ര സർക്കാർ രേഖകൾ. എംപ്ലോയീസ്‌ പ്രൊവിഡന്റ്‌ ഫണ്ട് ഓര്‍​ഗനൈസേഷനില്‍ പുതിയ വരിക്കാരുടെ എണ്ണത്തിൽ 2023 നവംബർ മാസത്തിൽ ഗണ്യമായ ഇടിവ്‌ സംഭവിച്ചതായി ദേശീയ സ്ഥിതിവിവര കാര്യാലയം. പുതിയ ഇപിഎഫ്‌ വരിക്കാരുടെ എണ്ണം കണക്കാക്കിയാണ്‌ സംഘടിതമേഖലയിലെ തൊഴിലവസരങ്ങളുടെ ഏറ്റക്കുറച്ചിൽ കണക്കാക്കുന്നത്‌. 2023 ജൂൺമുതൽ പുതിയ ഇപിഎഫ്‌ വരിക്കാരുടെ എണ്ണത്തിൽ തുടർച്ചയായി ഇടിവ്‌ സംഭവിക്കുന്നതായാണ്‌ കണക്ക്‌.

പുതിയ ഇപിഎഫ്‌ വരിക്കാരുടെ എണ്ണം നവംബറിൽ അഞ്ചുശതമാനം ഇടിഞ്ഞ്‌ 7.36 ലക്ഷത്തിലെത്തി. എംപ്ലോയീസ്‌ സ്‌റ്റേറ്റ്‌ ഇൻഷുറൻസ്‌ കോർപറേഷൻ (ഇഎസ്‌ഐസി) വരിക്കാരുടെ എണ്ണം 10.5 ശതമാനം ഇടിഞ്ഞ്‌ 11.6 ലക്ഷത്തിലെത്തി.

കഴിഞ്ഞ രണ്ടുവർഷ കാലയളവിലെ ഏറ്റവും കുറഞ്ഞ തൊഴിൽ കണക്കുകളാണിത്‌. പുതിയ ഇപിഎഫ്‌ വരിക്കാരുടെ എണ്ണത്തിൽ ആറുമാസമായി തുടർച്ചയായി ഇടിവ്‌ വരുന്നതും രാജ്യത്ത്‌ പുതിയ തൊഴിലവസരങ്ങൾ കുറയുന്നതിന്‌ തെളിവായി ചൂണ്ടിക്കാട്ടുന്നു.

ഇപിഎഫ്‌ഒ കണക്കു പ്രകാരം 2023 സെപ്‌തംബറിൽ സൃഷ്ടിക്കപ്പെട്ട പുതിയ തൊഴിലുകളുടെ എണ്ണം 9.27 ലക്ഷമായിരുന്നത്‌  7.72 ലക്ഷമായി ഇടിഞ്ഞു. പുതിയ തൊഴിലുകളുടെ എണ്ണത്തിൽ 1.55 ലക്ഷത്തിന്റെ ഇടിവാണുണ്ടായത്.

Top