വളര്‍ത്തുന്ന വിദേശ ജീവികളുടെ വിവരങ്ങൾ വെളിപ്പെടുത്തണം; പുതിയ നടപടിയുമായി കേന്ദ്രം

ലോകമെമ്പാടും കോവിഡ് ഭീതിയില്‍ വിറങ്ങലിച്ചുനില്‍ക്കുമ്പോള്‍ മുന്‍കരുതലെന്നോണം പുതിയ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് വിദേശ ഇനം പക്ഷിമൃഗാദികളെ വളര്‍ത്തുന്നവര്‍ അവരുടെ ജീവജാലങ്ങളുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.

അരുമകളുടെ ആരോഗ്യ വിവരങ്ങളും കൈമാറണം. ഇതാനായി ഉടമകള്‍ക്ക് ആറു മാസത്തെ സാവകാശമാണ് നല്‍കിയിരിക്കുന്നത്. വിദേശ പക്ഷി, മൃഗ, ഉരഗ, മത്സ്യ ഇനങ്ങളില്‍പ്പെട്ടവ രാജ്യത്തേക്കു വ്യാപകമായി എത്തുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനം. മൃഗങ്ങളില്‍നിന്നു മനുഷ്യരിലേക്ക് വ്യാപിക്കുന്ന ജന്തുജന്യ രോഗങ്ങള്‍ ഇത്തരം ജീവജാലങ്ങളിലൂടെയും വ്യാപിക്കാമെന്ന സാധ്യതയാണ് ഇത്തരത്തിലൊരു നടപടിയിലേക്ക് കേന്ദ്രത്തെ നയിച്ചത്.

ഇതാദ്യമായാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു നടപടി. കോവിഡ് പോലെയുള്ള ഏതാരു മഹാമാരിയെയും പ്രതിരോധിക്കാനുള്ള പ്രതിരോധത്തിനു മുമ്പ് മുന്‍കരുതല്‍ സ്വീകരിക്കണമെന്നാണ് കേന്ദ്ര പരിസ്ഥിത മന്ത്രാലയം അഭിപ്രായപ്പെടുന്നത്.

അതേസമയം, വിദേശ പക്ഷിമൃഗാദികള്‍ നിയമാനുസൃതമായി കൈവശം വയ്ക്കാവുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മാര്‍മൊസെറ്റ് മങ്കി , മഡഗാസ്‌കര്‍ ഹിസ്സിങ് കോക്‌റോച്ച്, ഇഗ്വാന, ഓസ്‌ട്രേലിയന്‍ ഷുഗര്‍ഗ്ലൈഡര്‍, മക്കാവുകള്‍ തുടങ്ങി ഓട്ടേറെ പക്ഷിമൃഗാദികളാണ് ഇന്ത്യന്‍ പെറ്റ് മാര്‍ക്കറ്റ് അടക്കിവാഴുന്നത്. ഇവയെല്ലാം ഇന്ത്യയില്‍ എത്തിയിട്ട് വര്‍ഷങ്ങളായെങ്കിലും ഇതുവരെ ഇവയുടെ എണ്ണത്തില്‍ കൃത്യതയില്ല. മാത്രമല്ല നിയമാനുസൃതമല്ലാതെയുള്ള കള്ളക്കടത്തും വേട്ടയാടലുകളും നടക്കുന്നുവെന്നും ഈ തീരുമാനത്തിലൂടെ കള്ളക്കടത്തും വേട്ടയാടലുമെല്ലാം കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ പറയുന്നു.

പുതിയ ഉത്തരവ് പ്രകാരം രാജ്യത്തെ എല്ലാ വിദേശ ജീവി ഉടമകളും ബ്രീഡര്‍മാരും തങ്ങളുടെ ഇറക്കുമതി ചെയ്ത ജീവജാലങ്ങളുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കണം. അതിനായി പരിസ്ഥിതിമന്ത്രാലയത്തിന്റെ പരിവേഷ് പോര്‍ട്ടലില്‍ ഇതിനുള്ള സൗകര്യം ഒരുക്കും.

വിദേശ ജീവികള്‍ കണ്‍വെന്‍ഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ ട്രേഡ് ഇന്‍ എന്‍ഡേന്‍ജേര്‍ഡ് സ്പീഷിസില്‍ പെട്ടതായിരിക്കരുത്. മാത്രമല്ല രാജ്യത്തെ വന്യജീവി സംരക്ഷണനിയമത്തിന്റെ ഏതൊരു ഷെഡ്യൂളിലും ഉള്‍പ്പെട്ടതുമായിരിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. ആറു മാസത്തിനുള്ളില്‍ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാണ് നിര്‍ദേശം. ആറു മാസം കഴിഞ്ഞാണ് ഉടമ വെളിപ്പെടുത്തുന്നതെങ്കില്‍ നടപടികള്‍ ദുഷ്‌കരമാകും. അതായത് സംസ്ഥാന വൈല്‍ഡ്‌ലൈഫ് മേധാവി നേരിട്ടു കണ്ടു ബോധ്യപ്പെട്ടു നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടിവരും.

വെളിപ്പെടുത്തലിനുശേഷം വാങ്ങല്‍, വില്‍പന, മരണം, ഉടമസ്ഥതാ കൈമാറ്റം എന്നിവ 30 ദിവസത്തിനുള്ളില്‍ വൈല്‍ഡ്‌ലൈഫ് മേധാവിയെ അറിയിച്ചിരിക്കണം. നിബന്ധനകള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ ശിക്ഷാനടപടികളുണ്ടാകുമെന്നും ഉത്തരവില്‍ പറയുന്നു.

Top