രാഹുല്‍ ജി, സമരത്തിന് ഇറങ്ങിയതിന് നന്ദി; പ്രശാന്ത് കിഷോറിന്റെ അടുത്ത സന്ദേശം ഇത്

പൗരത്വ ഭേദഗതി നിയമത്തിനും, ദേശീയ പൗരത്വ രജിസ്റ്ററിനും എതിരായ ജനകീയ പ്രതിഷേധങ്ങളില്‍ പങ്കെടുക്കാന്‍ തയ്യാറായ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് നന്ദി അറിയിച്ച് ജെഡിയു നേതാവും, രാഷ്ട്രീയ തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോര്‍. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ സീനിയര്‍ അംഗങ്ങളുമായി ആശയവിനിമയം നടത്തി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എന്‍ആര്‍സി നടപ്പാക്കില്ലെന്ന് പരസ്യ പ്രഖ്യാപനം നടത്താനാണ് പ്രശാന്ത് കിഷോറിന്റെ പുതിയ നിര്‍ദ്ദേശം.

‘സിഎഎ, എന്‍ആര്‍സി എന്നിവയ്ക്ക് എതിരെയുള്ള ജനകീയ പ്രതിഷേധങ്ങളില്‍ പങ്കുചേര്‍ന്ന രാഹുല്‍ ഗാന്ധിക്ക് നന്ദി. പൊതുപ്രതിഷേധങ്ങള്‍ക്ക് പുറമെ എന്‍ആര്‍സി നടപ്പാക്കില്ലെന്ന് സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയാല്‍ മാത്രമേ നമുക്ക് അതിനെ തടയാന്‍ കഴിയൂ. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എന്‍ആര്‍സി ഉണ്ടാകില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിന് മേല്‍ സമ്മര്‍ദം ചെലുത്താന്‍ അദ്ദേഹത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷ’, പ്രശാന്ത് കിഷോര്‍ പറഞ്ഞു.

സിഎഎ, എന്‍ആര്‍സി എന്നിവയ്ക്ക് എതിരെ പ്രശാന്ത് കിഷോര്‍ ശക്തമായ നിലപാടാണ് സ്വീകരിച്ച് വരുന്നത്. ബിജെപി ഭരിക്കാത്തഎല്ലാ സംസ്ഥാനങ്ങളും എന്‍ആര്‍സിയോട് മുഖംതിരിക്കണമെന്നാണ് ഇതില്‍ഒരു നിര്‍ദ്ദേശം. ന്യൂഡല്‍ഹിയിലെ മഹാത്മാ ഗാന്ധിയുടെ സ്മാരകമായ രാജ്ഘട്ടില്‍ പാര്‍ട്ടി ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധി നയിച്ച ഉന്നത നേതൃത്വം സത്യാഗ്രഹത്തിന് ഇരുന്നതിന് പിന്നാലെയാണ് കിഷോറിന്റെ ട്വീറ്റ്.

പൗരത്വ നിയമത്തിനും, എന്‍ആര്‍സിക്കും എതിരായി രാജ്യത്ത് പ്രതിഷേധിക്കുന്ന യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പിന്തുണ പ്രഖ്യാപിച്ചായിരുന്നു നെഹ്‌റുഗാന്ധി കുടുംബാംഗങ്ങള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തത്.

Top