Declare Masood Azhar global terrorist: India to urge China

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ജയ്ഷ് ഇ മുഹമ്മദിന്റെ തലവന്‍ മൗലാന മസൂദ് അസ്ഹറിനെ ഐക്യരാഷ്ട്രസഭ ആഗോളഭീകരനായി പ്രഖ്യാപിയ്ക്കണമെന്ന് ഇന്ത്യ. ഇക്കാര്യത്തില്‍ രക്ഷാസമതി ഇടപെടലിനായി ചൈനയുടെ സഹായം ഇന്ത്യ തേടും.

ലഷ്‌കര്‍ ഇ തയിബ സ്ഥാപകന്‍ ഹാഫിസ് സയിദ്, സാകി ഉര്‍ റഹ്മാന്‍ ലഖ്‌വി, അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം തുടങ്ങിയവരെ നേരത്തെ ഇത്തരത്തില്‍ പ്രഖ്യാപിച്ചിരുന്നു.

പത്താന്‍കോട്ട് ആക്രമണത്തില്‍ അസ്ഹറിനുള്ള പങ്ക് സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യ ചൈനയ്ക്ക് കൈമാറും. നിലവില്‍ അസ്ഹറിനെ യു.എന്‍ ആഗോളഭീകരാനായി പ്രഖ്യാപിയ്ക്കുന്നതില്‍ ചൈന എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വീറ്റോ അധികാരമുള്ള ചൈനയുമായി ധാരണയിലെത്താനാണ് ഇന്ത്യയുടെ തീരുമാനം.

അസ്ഹറിന് പുറമെ ജമാ അത്ത് ഉദ്‌വ നേതാവ് അബ്ദുള്‍ റഹ്മാന്‍ മാക്കി, ലഷ്‌കര്‍ നേതാവ് അസം ചീമ എന്നിവരേയും ആഗോള ഭീകര പട്ടികയിലുള്‍പ്പെടുത്തണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനീസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ ഇക്കാര്യം ധരിപ്പിയ്ക്കും. അസ്ഹറര്‍ അടക്കമുള്ളവരുടെ ഭീകരബന്ധം സംബന്ധിച്ചും അല്‍ ക്വയ്ദയുമായുള്ള ബന്ധം സംബന്ധിച്ചും കൂടുതല്‍ തെളിവ് വേണമെന്നാണ് ചൈനയുടെ നിലപാട്.

ചൈനീസ് സന്ദര്‍ശനത്തില്‍ പ്രസിഡന്റ് ഷീ ജിന്‍ പിങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം ചര്‍ച്ച ചെയ്‌തേക്കും. 1999ല്‍ കാണ്ഡഹാര്‍ വിമാന റാഞ്ചലില്‍ ഇരകളായവരെ മോചിപ്പിയ്ക്കാന്‍ വേണ്ടിയാണ് ജയിലിലായിരുന്ന അസ്ഹറിനെ ഇന്ത്യ വിട്ടയച്ചത്. മുന്‍ യു.പി.എ സര്‍ക്കാരും ഇക്കാര്യം ആവശ്യപ്പെട്ട് ചൈനയെ സമീപിച്ചിരുന്നു. ദാവൂദ് ഇബ്രാഹിമിനെ 2003ലും മുംബയ് ഭീകരാക്രമണത്തെ തുടര്‍ന്ന് ഹാഫിസ് സയിദിനെയും ലഖ്‌വിയെയും 2008ലുമാണ് ആഗോള ഭീകരരായി ഐക്യരാഷ്ട്ര രക്ഷാസമിതി പ്രഖ്യാപിച്ചത്.

Top