കൊറോണ വൈറസ്; ആഗോള തലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും

ബെയ്ജിങ്: ആഗോള തലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ചൈനയില്‍ പ്രത്യക്ഷപ്പെട്ട കൊറോണ വൈറസ് മറ്റു രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ലോകാരോഗ്യ സംഘടനയുടെ അടിയന്തര സമിതി വ്യാഴാഴ്ച ചേരുന്ന യോഗത്തില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായേക്കും.

നേരത്തെ അഞ്ചുതവണ ഇത്തരത്തില്‍ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. എബോള വൈറസ് പടര്‍ന്നുപിടിച്ചപ്പോള്‍, രണ്ടുതവണയും പന്നിപ്പനി, പോളിയോ, സികാ വൈറസ് എന്നീ രോഗങ്ങള്‍ പടര്‍ന്ന സാഹചര്യങ്ങളില്‍ ഒരോ തവണയുമാണ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്.

ചൈനയിലെ വുഹാന്‍ നഗരത്തിലാണ് ഈ വൈറസ് ആദ്യം സ്ഥിരീകരിച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് 17 പേരാണ് ചൈനയില്‍ മരണപ്പെട്ടത്. മരണസംഖ്യ ഉയരുന്ന സാഹചര്യത്തില്‍ രോഗത്തിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വൂഹാന് നഗരത്തിലെ പൊതുഗതാഗതവും വിമാന, ട്രെയിന്‍ സര്‍വ്വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇവിടെയുള്ള ജനങ്ങളോട് നഗരം വിട്ട് പുറത്തുപോകരുതെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

അതേസമയം സൗദിയില്‍ മലയാളി നഴ്‌സായ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Top