സുപ്രീംകോടതിയില്‍ ബിസിസിഐക്ക് ഇന്ന് നിര്‍ണായക ദിനം

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ ബിസിസിഐക്ക് ഇന്ന് നിര്‍ണായക ദിനം. ലോധാ സമിതി റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച വിനോദ് റായിയുടെ സ്ഥിതി വിവര റിപ്പോര്‍ട്ട് കോടതി ഇന്ന് പരിഗണിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് കേസ് പരിഗണിക്കുക.

അതേസമയം, ഇടക്കാല ഭരണ സമിതി അംഗങ്ങളായ വിനോദ് റായും ഡയാന എഡുള്‍ജിയും തമ്മിലുള്ള ശീതസമരത്തെക്കുറച്ച് ബിസിസിഐ നേതൃത്വം കോടതിയോട് പരാതിപ്പെടുമെന്നും സൂചനയുണ്ട്. ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രിക്ക് എതിരായ മീ ടു വെളിപ്പെടുത്തലിലെ അന്വേഷണ റിപ്പോര്‍ട്ട് പരസ്യമാക്കണമെന്ന ഹര്‍ജിയും കോടതി പരിഗണിക്കുന്നുണ്ട്.

ബിസിസിഐ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ സുപ്രീംകോടതി പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. ബിസിസിഐയും മിക്ക സംസ്ഥാന അസോസിയേഷനുകളും ലോധാ സമിതി നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കത്തതിനാല്‍ കോടതി നിലപാട് നിര്‍ണായകമാകും.
നേരത്തെ, ക്രിക്കറ്റ് അസോസിയേഷനുകളിലെ ഭാരവാഹികളുടെ യോഗ്യതയെക്കുറിച്ച് സുപ്രീംകോടതി വ്യക്തത വരുത്തിയിരുന്നു. ലോധസമിതി നിര്‍ദ്ദേശപ്രകാരം പരമാവധി ഒന്‍പത് വര്‍ഷം മാത്രമേ ഭാരവാഹികളാകാന്‍ കഴിയൂ എന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ഒമ്പത് വര്‍ഷം ബിസിസിഐയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് സംസ്ഥാന അസോസിയേഷനില്‍ ഭാരവാഹിത്വമാകാം. സംസ്ഥാന അസോസിയേഷനുകളില്‍ ഒമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ബിസിസിഐ ഭാരവാഹിയാകുന്നതില്‍ നിയമതടസ്സമില്ലെന്നും മുന്‍പ് ഈ വിഷയം പരിഗണിച്ചപ്പോള്‍ കോടതി അറിയിച്ചിരുന്നു.

Top