ശ്രേയാംസ്‌കുമാര്‍ രാജിവച്ചില്ലെങ്കില്‍ നാളെ തീരുമാനം; വിമത നേതാക്കള്‍

തിരുവനന്തപുരം: എല്‍ജെഡി വിമത നേതാക്കള്‍ സിപിഐ എം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. എ കെ ജി സെന്ററിലായിരുന്നു കൂടിക്കാഴ്ച. വിമത നേതാക്കളായ ഷേഖ് പി ഹാരിസ്, വി.സുരേന്ദ്രന്‍ പിള്ള എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. ശ്രേയാംസ് കുമാറിന്റെ നേതൃത്വം അംഗീകരിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് വിമത പക്ഷത്തിന്റെ നിലപാട്.

യഥാര്‍ത്ഥ എല്‍ ജെഡി തങ്ങളാണെന്നും ഇത് അംഗീകരിക്കണമെന്ന് മുന്നണി നേതൃത്വത്തോട് ആവശ്യപ്പെട്ടുവെന്നും കൂടിക്കാഴ്ചക്ക് ശേഷം വി.സുരേന്ദ്രന്‍ പിള്ള പറഞ്ഞു. ജെഡിഎസ് ലയന സാധ്യത നേതാക്കള്‍ തള്ളി. ശ്രേയംസ് കുമാര്‍ രാജി വെച്ചില്ലെങ്കില്‍ തീരുമാനം നാളെ അറിയിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.

നാളെ നേതൃത്വം മാറിയില്ലെങ്കില്‍ പാര്‍ട്ടി പിളരുമെന്ന കാര്യവും നേതാക്കള്‍ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. അതിനിടെ, എല്‍ ജെ ഡി സംസ്ഥാന ഭാരവാഹി യോഗം നാളെ ചേരും. നാളെ വരെയാണ് അധ്യക്ഷ പദവി രാജി വെക്കാനുള്ള സമയം വിമതര്‍ ശ്രേയാംസിന് നല്‍കിയിരിക്കുന്നത്.

വിമത നീക്കം നടത്തിയ ഷേഖ് പി ഹാരിസിനും വി സുരേന്ദ്രന്‍ പിള്ളക്കുമെതിരെ നാളെ ചേരുന്ന യോഗത്തില്‍ ശ്രേയാംസ് വിഭാഗം നടപടി സ്വീകരിക്കും. ഇരുവരെയും ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും പുറത്താക്കാനാണ് ആലോചിക്കുന്നത്. സമാന്തര യോഗത്തില്‍ പങ്കെടുത്ത അങ്കത്തില്‍ അജയകുമാറിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും രാജേഷ് പ്രേമിനെ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയേക്കും.. ഇവര്‍ക്കൊപ്പം നിലയുറപ്പിച്ച തിരുവനന്തപുരം,ആലപ്പുഴ ,മലപ്പുറം ജില്ലാ പ്രസിഡന്റുമാര്‍ക്കെതിരെ നടപടിയുണ്ടാകില്ല.

11 ജില്ലാ കമ്മറ്റികളും ഭൂരിഭാഗം സംസ്ഥാന ഭാരവാഹികളും ഒപ്പമുണ്ടെന്നാണ് ശ്രേയാംസ് വിഭാഗത്തിന്റെ അവകാശ വാദം. യോഗത്തിനു ശേഷം വിശദവിവരമടങ്ങിയ റിപ്പോര്‍ട്ട് ദേശീയ അധ്യക്ഷന്‍ ശരത് യാദവിന് നല്‍കും. കോഴിക്കോട് നാളെ രാവിലെ 10 മണിക്ക് സംസ്ഥാന ഭാരവാഹികളുടെ യോഗമാണ് ആദ്യം ചേരുക. ഉച്ചക്ക് രണ്ടു മണിക്ക് ജില്ലാ അധ്യക്ഷന്‍മാരുടെ യോഗവും ചേരും.

Top