എപിഎല്‍ വിഭാഗത്തിന് പോസ്റ്റ് കൊവിഡ് സൗജന്യ ചികിത്സ നിര്‍ത്തലാക്കിയ തീരുമാനം; ആശ്ചര്യമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ എപിഎല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് കൊവിഡാനന്തര സൗജന്യ ചികിത്സ നിര്‍ത്തലാക്കുവാനുള്ള സര്‍ക്കാരിന്റെ തീരുമാനം ആശ്ചര്യപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഈ സര്‍ക്കാര്‍ തീരുമാനം തന്നെ അസ്വസ്ഥനാക്കുകയാണ്. യാഥാര്‍ഥ്യബോധം ഉള്ള ഒരു സര്‍ക്കാരിനും ചെയ്യാന്‍ കഴിയാത്ത തെറ്റായ നടപടിയാണ് ഇതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ലക്ഷക്കണക്കിന് ആള്‍ക്കാര്‍ പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തുന്ന ഇക്കാലത്ത് എപിഎല്ലും, ബിപിഎല്ലുമൊക്കെ സാങ്കേതികത്വം മാത്രമാണെന്നും വിഡി സതീശന്‍ പറഞ്ഞു. ജനങ്ങള്‍ ആത്മഹത്യ മുനമ്പില്‍ നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ ദുരിതമനുഭവിക്കുന്നവന്റെ മുതുകില്‍ പിന്നെയും ഭാരം കെട്ടിവയ്ക്കുന്നതിന് തുല്യമാണ് സര്‍ക്കാര്‍ നടപടിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

യാഥാര്‍ഥ്യബോധം ഉള്ള ഒരു സര്‍ക്കാരിനും ചെയ്യാന്‍ കഴിയാത്ത തെറ്റായ നടപടിയാണ് ഇത്. കൊവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി അതിസമ്പന്നരെ പോലും തകര്‍ത്തിരിക്കുകയാണ്. വ്യാപാര, സേവന, വ്യവസായ രംഗത്തുള്ള സംഘടിതവും അസംഘടിതവും ആയ മേഖലകള്‍ തൊഴിലില്ലാതെ കഷ്ടപ്പെടുകയാണ്. ഇവരുടെ ഒക്കെ ദുരിതത്തിന്റെ കണ്ണുനീര്‍ ദിവസവും കാണുന്ന ഭരണാധികാരികള്‍ക്ക് ഇത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്നതെങ്ങനെയാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top