കോഴിക്കോട് കെഎസ്‌ആര്‍ടിസി ടെര്‍മിനലിന്റെ തൂണുകള്‍ ബലപ്പെടുത്താൻ തീരുമാനം

കോഴിക്കോട്: വിവാദമായ കോഴിക്കോട് നഗരത്തിലെ കെഎസ്‌ആര്‍ടിസി ടെര്‍മിനലിന്റെ തൂണുകള്‍ ബലപ്പെടുത്തും. നാല് മാസത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തിയാക്കാനും ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.

ചെന്നെ ഐഐടിയുടെ മേല്‍നോട്ടത്തിലായിരിക്കും ജോലികൾ നടത്തുക. ബലക്ഷയം കണ്ടെത്തിയ കെഎസ്‌ആര്‍ടിസി ടെര്‍മിനലിന്റെ 73 ശതമാനം തൂണുകളും ബലപ്പെടുത്താനാണ് തീരുമാനം.

എസ്‌റ്റിമേറ്റ് തുകയും ടെന്‍ഡര്‍ വ്യവസ്‌ഥകളും അടുത്ത ബുധനാഴ്‌ചക്കകം തീരുമാനിക്കും. കെട്ടിടം ബലപ്പെടുത്തണമെന്ന് ചെന്നൈ ഐഐടിയിലെ വിദഗ്‌ധരാണ് നിര്‍ദ്ദേശിച്ചത്. അതിനാലാണ് അറ്റകുറ്റപ്പണിയുടെ മേല്‍നോട്ട ചുമതലയും ചെന്നൈ ഐഐടി ഏറ്റെടുത്തത്. കമ്പനികള്‍ക്കുള്ള യോഗ്യതയും ടെന്‍ഡര്‍ വ്യവസ്‌ഥകളും ഐഐടി തന്നെ നിശ്‌ചയിക്കും.

എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി കെട്ടിടം കൈമാറണമെന്ന് നടത്തിപ്പ് കരാര്‍ ഏറ്റെടുത്ത അലിഫ് ബില്‍ഡേഴ്‌സും കെടിഡിഎഫ്‍സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അറ്റകുറ്റപ്പണി നടക്കുമ്പോള്‍ ബസ് സ്‌റ്റാന്‍ഡ് മറ്റൊരിടത്തേക്ക് മാറ്റേണ്ടിവരും. ഇതു കാരണം കെഎസ്‌ആര്‍ടിസിയ്‌ക്ക് വരുന്ന അധിക ബാധ്യത ഏറ്റെടുക്കുന്ന കാര്യത്തില്‍ കെടിഡിഎഫ്‍സിയുമായി ധാരണയായതായും സൂചന.

Top