വാക്സിൻ നയം മാറ്റി, 40 കഴിഞ്ഞവർക്ക് മുൻഗണന ക്രമം ഇല്ലാതെ വാക്സിൻ !

തിരുവനന്തപുരം: 40 വയസ് മുതല്‍ 44 വയസു വരെയുള്ള എല്ലാവര്‍ക്കും മുന്‍ഗണനാ ക്രമം ഇല്ലാതെ വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. 01.01.2022ന് 40 വയസ് തികയുന്നവര്‍ക്കും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കും മുന്‍ഗണനാക്രമം ഇല്ലാതെ തന്നെ വാക്‌സിനേഷന്‍ സ്വീകരിക്കാവുന്നതാണ്. ഇതിനായി ദേശീയ ആരോഗ്യ ദൗത്യം സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

ഇതോടെ 40 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാകുന്നതാണ്. അതേസമയം 18 മുതല്‍ 44 വയസ് വരെയുള്ളവര്‍ക്ക് മുന്‍ഗണനാ ക്രമത്തിലുള്ള വാക്‌സിനേഷന്‍ തുടരുന്നതാണ്. 45 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ നിലവിലുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് തുടരുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

40 മുതല്‍ 44 വയസ് വരെ പ്രായമുള്ളവര്‍ വാക്‌സിന്‍ ലഭിക്കുന്നതിനായി കോവിന്‍ പോര്‍ട്ടലില്‍ (https://www.cowin.gov.in/ ) രജിസ്റ്റര്‍ ചെയ്ത ശേഷം ഓണ്‍ലൈനായി അപ്പോയ്‌മെന്റ് എടുക്കേണ്ടതാണ്. ഈ വിഭാഗത്തിന് സ്‌പോട്ട് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നതല്ല. വാക്‌സിന്റെ ലഭ്യതയ്ക്കനുസരിച്ച് ആവശ്യമുള്ളത്ര വാക്‌സിനേഷന്‍ സ്ലോട്ടുകള്‍ അനുവദിക്കുന്നതാണ്. ഈ വിഭാഗത്തിന് ഇന്നു മുതല്‍ ഓണ്‍ലൈനായി വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ബുക്ക് ചെയ്യാവുന്നതാണ്.

Top