അമേരിക്കയില്‍ ഗുരുതര രോഗികള്‍ക്ക് മൂന്നാം ഡോസ് വാക്‌സീന്‍ നല്‍കാന്‍ തീരുമാനം

വാഷിംഗ്ടണ്‍: ഗുരുതരമായ രോഗങ്ങള്‍ ഉള്ളവര്‍ക്ക് മൂന്നു ഡോസ് കൊവിഡ് വാക്‌സീന്‍ നല്‍കാന്‍ അമേരിക്കയുടെ തീരുമാനം. അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, ഗുരുതരമായ കാന്‍സര്‍ രോഗം ബാധിച്ചവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്കാണ് മൂന്നാം ഡോസ് നല്‍കുക. ഫൈസര്‍, മൊഡേണ വാക്‌സീനുകളുടെ മൂന്നാം ഡോസിനാണ് അനുമതി നല്‍കിയത്.

ഗുരുതര രോഗികളില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് അനുമതി എന്ന് എഫ്ഡിഎ അറിയിച്ചു. രണ്ടാം ഡോസ് എടുത്ത് 28 ദിവസത്തിന് ശേഷമാകും മൂന്നാം ഡോസ് നല്‍കുക. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഒറ്റ ഡോസ് വാക്‌സീന്‍ എടുത്തവര്‍ക്ക് അധിക ഡോസ് നല്‍കണോ എന്നതില്‍ തീരുമാനം ആയിട്ടില്ല. മൂന്നു ശതമാനത്തില്‍ താഴെ അമേരിക്കക്കാര്‍ക്ക് മാത്രമാകും മൂന്നാം ഡോസ് വേണ്ടിവരികയെന്ന് എഫ്ഡിഎ പറയുന്നു.

സാധാരണ ആരോഗ്യമുള്ളവര്‍ക്ക് മൂന്നാം ഡോസ് ആവശ്യമില്ലെന്നും യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ വ്യക്തമാക്കി. ഫ്രാന്‍സ്, ഇസ്രായേല്‍, ജര്‍മനി രാജ്യങ്ങള്‍ ഗുരുതര രോഗമുള്ളവര്‍ക്ക് മൂന്നാം ഡോസ് നല്‍കാന്‍ നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. ഇന്ത്യയില്‍ ഏതെങ്കിലും വിഭാഗങ്ങള്‍ക്ക് മൂന്നാം ഡോസ് നല്‍കണമോ എന്നത് പരിശോധിച്ചു വരികയാണെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

 

Top