വീടുനിര്‍മാണത്തിന് മണ്ണ് നീക്കം ചെയ്യാനുള്ള അപേക്ഷകളില്‍ അതിവേഗം തീര്‍പ്പുകല്‍പ്പിക്കാന്‍ തീരുമാനം

തിരുവനന്തപുരം: വീടുനിര്‍മാണവുമായി ബന്ധപ്പെട്ട് മണ്ണ് നീക്കം ചെയ്യുന്നതിനുള്ള അപേക്ഷകളില്‍ അതിവേഗം തീര്‍പ്പുകല്‍പ്പിക്കാന്‍ തീരുമാനം. ഇതിനായി മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ജില്ലാ തലത്തില്‍ അദാലത്തുകള്‍ സംഘടിപ്പിക്കും. ഓഫീസുകളില്‍ സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ സ്ഥല പരിശോധന നടത്തി തീര്‍പ്പുകല്‍പ്പിക്കുന്നതില്‍ കാലതാമസമുണ്ടാകുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ജില്ലാതല അദാലത്ത് സംഘടിപ്പിക്കുന്നത്.

മണ്ണെടുപ്പിനുള്ള നടപടിക്രമങ്ങള്‍ ലളിതവത്കരിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ 2015 ലെ കെഎംഎംസി ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തിയിരുന്നു. വീടു നിര്‍മ്മാണത്തിന് പരിസ്ഥിതി അനുമതി ആവശ്യമില്ലെങ്കിലും മണ്ണ് നീക്കം ചെയ്യാന്‍ മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ അനുമതി ആവശ്യമുണ്ട്. ഇതിനുള്ള അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ വൈകുന്നുവെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു.

ചില ജില്ലകളില്‍ അപേക്ഷകള്‍ വന്‍തോതില്‍ കെട്ടിക്കിടക്കുന്നതായി പരാതിയുയര്‍ന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുകയും ചെയ്തു. ജില്ലാ ഓഫീസുകളിലെ ജീവനക്കാരുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി പൊതുജനങ്ങള്‍ക്ക് നല്‍കേണ്ട സേവനത്തില്‍ കാലതാമസം വരുത്തരുത് എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വീടു നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാധാരണ മണ്ണ് നീക്കത്തിനുള്ള അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന് സ്‌പെഷ്യല്‍ അദാലത്ത് ജില്ലാ തലത്തില്‍ സംഘടിപ്പിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചത്.

Top