യുക്രൈയിനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാലു രാജ്യങ്ങള്‍ വഴി ഒഴിപ്പിക്കാന്‍ തീരുമാനം

ന്യൂഡല്‍ഹി: യുക്രൈയിനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാലു രാജ്യങ്ങള്‍ വഴി ഒഴിപ്പിക്കാന്‍ തീരുമാനം. ഹംഗറി, പോളണ്ട്, സ്ലൊവേകിയ, റൊമാനിയ അതിര്‍ത്തികളിലൂടെ ഒഴിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യക്കാരെ സഹായിക്കാന്‍ ടീമുകളെ അതിര്‍ത്തികളിലേക്ക് അയച്ചു. ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പരുകള്‍ വിദേശകാര്യമന്ത്രാലയം പ്രസിദ്ധീകരിച്ചു.

 

18,000ത്തോളം ഇന്ത്യക്കാരാണ് യുക്രെയിനില്‍ കുടുങ്ങിക്കിടക്കുന്നത്. ഇന്ത്യക്കാരെ സുരക്ഷിതമായി മടക്കിക്കൊണ്ടുവരാന്‍ വിദേശകാര്യ മന്ത്രാലയം പദ്ധതി ആസൂത്രണം ചെയ്യുകയാണെന്നു നേരത്തെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കിയിരുന്നു. യുക്രൈന്‍ വ്യോമപാത അടച്ചിട്ടതിനാല്‍ ആ മാര്‍ഗം അടഞ്ഞിരിക്കുകയാണ്. ബദല്‍ മാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്യുകയാണെന്നും പരിഭ്രാന്തരാവേണ്ടതില്ലെന്നും മുരളീധരന്‍ പറഞ്ഞു.

യുക്രെയിനില്‍ നിന്നും ഇന്ത്യന്‍ എംബസി പുറപ്പെടുവിച്ചതനുസരിച്ച്‌ ഇന്‍സ്റ്റഗ്രാം,​ എം.ഇ.എ ട്വിറ്റര്‍, എഫ്.ബി പേജുകള്‍ നിരന്തരം ശ്രദ്ധിക്കണമെന്നും ടെലിഫോണിനെ മാത്രം ആശ്രയിക്കരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top