മിഡില്‍ ഈസ്റ്റ് സംഘര്‍ഷം ഭീഷണിയായേക്കാവുന്ന നടപടികള്‍ ഒഴിവാക്കാന്‍ തീരുമാനം:തുര്‍ക്കി തലവന്‍

മിഡില്‍ ഈസ്റ്റിന്റെ സ്ഥിരതയ്ക്ക് ഭീഷണിയായേക്കാവുന്ന നടപടികള്‍ ഒഴിവാക്കാന്‍ ഇറാനും തുര്‍ക്കിയും ചേര്‍ന്ന് തീരുമാനമെടുത്തതായി അറിയിച്ച് തുര്‍ക്കി തലവന്‍ റജബ് ത്വയ്യിബ് എര്‍ദോഗന്‍. ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ അങ്കാറ സന്ദര്‍ശനത്തിനിടെ എര്‍ദോഗനുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു തീരുമാനം.ബുധനാഴ്ച നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് എര്‍ദോഗന്റെ വിശദീകരണം. കൂടാതെ ഇബ്രാഹിം റൈസിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന നിരന്തര മനുഷ്യത്വരഹിത ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ചും അതിര്‍ത്തി മേഖലയില്‍ ശാശ്വതമായ സമാധാനാന്തരീക്ഷം നിലനിര്‍ത്തേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും ചര്‍ച്ച നടത്തിയാതായി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

കനത്ത തിരിച്ചാക്രമണം നടത്തുന്ന അമേരിക്കയുടെയും ബ്രിട്ടന്റെയും സമീപനത്തെ ബലപ്രയോഗമാണെന്ന് ചൂണ്ടിക്കാട്ടി എര്‍ദോഗന്‍ അപലപിച്ചിരുന്നു. പലസ്തീനിലും ഗാസയിലും നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണെന്നും അമേരിക്കയെ ‘സയണിസ്റ്റ് ഭരണകൂട’മാണെന്നും പ്രഖ്യാപിച്ച ഇബ്രാഹിം റൈസി മുസ്ലീം രാഷ്ട്രങ്ങളോട് അമേരിക്കയുമായുള്ള സാമ്പത്തികവും രാഷ്ട്രീയവുമായ എല്ലാ ബന്ധങ്ങളും വിച്ഛേദിക്കാന്‍ വീണ്ടും ആഹ്വാനം നടത്തി. ഇതിലൂടെ ഇസ്രയേലിനോടുള്ള അമേരിക്കയുടെ നിലപാട് മാറ്റുന്നതിലേക്ക് സ്വാധീനം ചെലുത്താനാകുമെന്നാണ് ഇബ്രാഹിം റൈസിയുടെ വിലയിരുത്തല്‍.ചെങ്കടലില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് അമേരിക്ക- ബ്രിട്ടന്‍ സഖ്യം. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം നിര്‍ത്തുന്നതുവരെ ആക്രമണം തുടരുമെന്നറിയിച്ച ഹൂതികള്‍ ഇസ്രയേലുമായി ബന്ധമുള്ള നിരവധി ചരക്കു കപ്പലുകള്‍ക്കു നേരെയാണ് ആക്രമണം നടത്തിയത്. ഇതേത്തുടര്‍ന്ന് നിരവധി കപ്പലുകള്‍ റൂട്ട് മാറ്റി ആഫ്രിക്കന്‍ തീരങ്ങള്‍ വഴി തിരിച്ച് വിട്ടിരുന്നു.

ഈ കൂടിക്കാഴ്ചയിലൂടെ ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങള്‍ പൂര്‍ണമായും തടയാനാകില്ലെങ്കിലും കുറഞ്ഞത് യെമന്‍, ചെങ്കടല്‍ എന്നീ പ്രദേശങ്ങളില്‍ വര്‍ധിച്ചു വരുന്ന പ്രതിസന്ധികളെയും സംഘര്‍ഷങ്ങളെയും നിയന്തിക്കുകയാണ് ലക്ഷ്യം. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഇരു നേതാക്കളും അറിയിച്ചതായും അല്‍ ജസീറയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.”മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും കൂടുതല്‍ ഭീഷണിയാകുന്ന നടപടികളില്‍നിന്ന് വിട്ടുനില്‍ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ യോജിക്കുന്നു”, അതിര്‍ത്തി കടന്നുള്ള ഭീഷണികള്‍ക്കെതിരെ രണ്ട് രാജ്യങ്ങളും തമ്മില്‍ സഹകരണം തുടരാനും ഇരു കൂട്ടരും സമ്മതിച്ചതായി എര്‍ദോഗന്‍ വ്യക്തമാക്കി.ഗാസയില്‍ ഇസ്രയേല്‍ കഴിഞ്ഞ മൂന്ന് മാസത്തിലധികമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന ആക്രമണമാണ് തുര്‍ക്കി – ഇറാന്‍ തലവന്മാര്‍ തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയുടെ പ്രധാന ഉദ്ദേശ്യമെന്നാണ് അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തത്.

Top