ഇടുക്കി: പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്ന കാര്യത്തില്‍ നാളെ ചര്‍ച്ച നടക്കും. ഇന്നലെയും ഇന്നും നടത്തിയ തെരച്ചിലില്‍ മൃതദേഹങ്ങളൊന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കാണാതായവര്‍ക്കായി ഇതിനോടകം പരമാവധി മേഖലയില്‍ തെരച്ചില്‍ നടത്തിയെന്നാണ് അധികൃതര്‍ പറയുന്നത്.
ഇനിയും തെരച്ചില്‍ നടത്തണോയെന്ന കാര്യത്തില്‍ കാണാതായവരുടെ ബന്ധുക്കളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും തീരുമാനം എടുക്കുക. ഏതെങ്കിലും സ്ഥലത്ത് തെരച്ചില്‍ നടത്താന്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടാല്‍ അതിനും അധികൃതര്‍ തയ്യാറാവും. ഇതുവരെ 65 മൃതദേഹങ്ങളാണ് പെട്ടിമുടിയില്‍ നിന്നും കണ്ടെത്തിയത്.
ഇടുക്കി പെട്ടിമുടിയിലുണ്ടായ ദുരന്തത്തില്‍ ഇനി അഞ്ച് പേരെ കൂടിയാണ് കണ്ടെത്താനുള്ളത്. മണ്ണിനടയില്‍പ്പെട്ട ലയങ്ങള്‍ നിന്ന സ്ഥലം കൂടാതെ മലവെള്ളം ഒഴുകി പോയ പാതയിലും സമീപത്തെ പുഴയോരത്തുമെല്ലാം ദൗത്യസേന ദിവസങ്ങളായി തിരച്ചില്‍ നടത്തി വരികയാണ്.