ബഹ്‌റൈനില്‍ പള്ളികള്‍ ഘട്ടം ഘട്ടമായി തുറക്കാന്‍ തീരുമാനം ; 60 വയസ്സ് കഴിഞ്ഞവര്‍ക്ക് നമസ്‌കാരത്തിന് വരാന്‍ വിലക്ക്

ബഹ്‌റൈന്‍: ബഹ്‌റൈനില്‍ വെള്ളിയാഴ്ച മുതല്‍ പള്ളികള്‍ ഘട്ടം ഘട്ടമായി തുറക്കുവാന്‍ തീരുമാനമായി. ആദ്യ ഘട്ടത്തില്‍ പള്ളികള്‍ സുബ്ഹ് നമസ്‌കാരത്തിന് മാത്രമാണ് തുറക്കുക. അല്‍ ഫാതിഹ് ഗ്രാന്റ് മോസ്‌കിലൊഴികെ ബാക്കി പള്ളികളില്‍ ജുമുഅ നമസ്‌കാരമുണ്ടാവില്ല. 15 വയസ്സില്‍ താഴെയുള്ളവര്‍ക്കും 60 വയസ്സ് കഴിഞ്ഞവര്‍ക്കും നമസ്‌കാരത്തിന് വരാന്‍ വിലക്കുണ്ടാകും.

പള്ളികളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് നിര്‍ദേശം. നിര്‍ദേശങ്ങള്‍ പാലിക്കാത്ത മസ്ജിദുകള്‍ അടച്ചിടും. നമസ്‌കാരത്തിന് 10 മിനിറ്റ് മുമ്പായിരിക്കും പള്ളികള്‍ തുറക്കുക. ബാങ്കിന് ശേഷം അഞ്ച് മിനിറ്റ് കഴിഞ്ഞ് നമസ്‌കാരം ആരംഭിക്കും. നമസ്‌കാര ശേഷം 10 മിനിട്ട് കഴിഞ്ഞ് പള്ളികള്‍ അടക്കും. നമസ്‌കാരത്തിന് മുമ്പും പിമ്പുമുള്ള ഐച്ഛിക നമസ്‌കാരങ്ങള്‍ പള്ളിയില്‍ അനുവദിക്കുന്നതല്ല.

Top