ജലനിരപ്പ് ഉയരുന്നു; ബാണാസുര സാഗര്‍ ഡാം തുറക്കുന്ന കാര്യം 8 മണിക്ക് തീരുമാനിക്കും

തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് വയനാട്ടില്‍ ബാണാസുര സാഗര്‍ ഡാം തുറക്കുന്ന കാര്യം 8 മണിക്ക് ചേരുന്ന യോഗത്തില്‍ തീരുമാനിക്കും. നിലവില്‍ ഡാമിന് ഓറഞ്ച് അലര്‍ട്ടുണ്ട്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചാല്‍ ഡാം തുറക്കും. ഡാമുകളുടെ പരിസര പ്രദേശത്ത് താമസിക്കുന്ന ജനങ്ങളോട് സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറാന്‍ നിര്‍ദേശമുണ്ട്.

സംസ്ഥാനത്ത് മഴ തുടരുന്നുണ്ടെങ്കിലും മലമ്പുഴ ഡാം ഇന്ന് തുറക്കില്ല. പാലക്കാട് മഴ മാറി നില്‍ക്കുന്ന സാഹചര്യമാണ്. ചെറിയ ചാറ്റല്‍മഴ മാത്രമാണ് ജില്ലിയിലുള്ളത്. ഇന്നലെ രാത്രി മുതല്‍ വലിയ മഴ ഇല്ല. ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതിനാല്‍ നീരൊഴുക്ക് കുറഞ്ഞു. അതിനാല്‍ മലമ്പുഴ ഡാം ഇന്ന് തുറക്കേണ്ടതില്ലെന്ന് ജലസേചന വകുപ്പ് തീരുമാനിക്കുകയായിരുന്നു. ഇന്നലെ രാത്രി പുറപ്പെടുവിച്ച ജാഗ്രത നിര്‍ദേശം പിന്നീട് പിന്‍വലിച്ചു.

വൈദ്യുതിബോര്‍ഡിന്റെ ഇടുക്കി, പമ്പ, കക്കി, ഇടമലയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ഇപ്പോഴും 30 മുതല്‍ 39 ശതമാനംവരെ മാത്രമാണ്. 17 ചെറുകിട, ഇടത്തരം അണക്കെട്ടുകളും ബാരേജുകളുമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്.

Top