സമരം അവസാനിപ്പിക്കുന്നതില്‍ കര്‍ഷക സംഘടനകളുടെ തീരുമാനം ഇന്ന്

ന്യൂഡല്‍ഹി: ഡല്‍ഹി അതിര്‍ത്തികള്‍ ഉപരോധിച്ചുള്ള കര്‍ഷക സമരം അവസാനിപ്പിക്കുന്നതില്‍ സംയുക്ത കിസാന്‍ മോര്‍ച്ച ഇന്ന് തീരുമാനമെടുക്കും. ഉച്ചയ്ക്ക് രണ്ടിന് സിംഗുവിലാണ് യോഗം. കേന്ദ്രസര്‍ക്കാറിന് മുന്നില്‍ വെച്ച പ്രധാനപെട്ട ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടതോടെയാണ് അതിര്‍ത്തികള്‍ അടച്ചു കൊണ്ടുള്ള സമരം അവസാനിപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍ ആലോചിക്കുന്നത്.

കര്‍ഷകര്‍ മുന്നോട്ട് വെച്ച ആറ് ആവശ്യങ്ങളില്‍ അംഗീകരിക്കാന്‍ കഴിയുന്ന കാര്യങ്ങളിലാണ് കേന്ദ്ര സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയത്.

മിനിമം താങ്ങുവിലക്ക് നിയമപരമായ ഗാരന്റി നല്‍കുക, വൈദ്യുതി നിയമത്തിന്റെ കരട് പിന്‍വലിക്കുക, വായുമലിനീകരണത്തിന്റെ പേരില്‍ കര്‍ഷകര്‍ക്ക് പിഴ ചുമത്തുന്നത് പിന്‍വലിക്കുക, 2020 ജൂണ്‍ മുതല്‍ ഇതുവരെ കര്‍ഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുക, ലഖിംപുര്‍ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കി അറസ്റ്റ് ചെയ്യുക, സമരത്തില്‍ രക്തസാക്ഷികളായ 700ലേറെ കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കി പുനരധിവസിപ്പിക്കുക, അവര്‍ക്ക് രക്തസാക്ഷി സ്മാരകത്തിന് സിംഘു അതിര്‍ത്തില്‍ സ്ഥലം അനുവദിക്കുക എന്നിവയാണ് ആവശ്യങ്ങള്‍.

മിനിമം താങ്ങുവിലക്ക് നിയമസാധുത നല്‍കുന്നതിന് നടപടി എടുക്കാമെന്നതാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ച പ്രധാന നയംമാറ്റം. ഇതിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കാര്‍ഷിക വിദഗ്ധരും സമരം നയിക്കുന്ന സംയുക്ത കിസാന്‍ മോര്‍ച്ച പ്രതിനിധികളും അടങ്ങുന്ന സമിതിയുണ്ടാക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

സമരം അവസാനിപ്പിച്ചാലേ കര്‍ഷകര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കൂ എന്ന സര്‍ക്കാര്‍ നിലപാടില്‍ കര്‍ഷക സംഘടനകള്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്. രണ്ടും ഒരുമിച്ച് മതിയെന്ന നിലപാടാണ് സംയുക്ത കിസാന്‍ മോര്‍ച്ച കഴിഞ്ഞ ദിവസം സ്വീകരിച്ചത്.

 

Top