ബോറിസ് ജോൺസന് വീണ്ടും തിരിച്ചടി ; നടപടി നിയമവിരുദ്ധമെന്ന്​ യു.കെ സുപ്രീംകോടതി

ലണ്ടൻ : ബ്രെക്‌സിറ്റ് സംബന്ധിച്ച ചർച്ചകൾ തുടരുന്നതിനിടെ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് വീണ്ടും തിരിച്ചടി. പാർലമെന്റ് സമ്മേളനം സസ്പെൻഡ് ചെയ്ത ബോറിസിന്റെ നടപടി സുപ്രീം കോടതി റദ്ദാക്കി.

11 അംഗ ജഡ്​ജിങ്​ പാനലാണ്​​ കേസ്​ പരിഗണിച്ച്‌​ ബോറിസ്​ ജോണ്‍സണ്‍ നിയമപരമായല്ല പ്രവര്‍ത്തിച്ചതെന്ന്​ കണ്ടെത്തിയത്​. നടപടി നിലനില്‍ക്കില്ലെന്നും ഫലമില്ലാത്തതാണെന്നും കോടതി ഉത്തരവിട്ടു.

ബ്രെക്‌സിറ്റ് സംബന്ധിച്ച ചർച്ചകൾ തുടരുന്നതിനിടെ പാർലമെന്റ് സമ്മേളനം പിരിച്ചുവിടാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം നിയമവിരുദ്ധമാണെന്നു സുപ്രീം കോടതി ചൂണ്ടിക്കാട്ടി. വ്യക്തമായ കാരണങ്ങൾ ഇല്ലാതെ പാർലമെന്റിന്റെ ഭരണഘടനാ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നും സുപ്രീം കോടതി പ്രസിഡന്റ് ബ്രിന്‍ഡാ ഹാലെ വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ വിവാദ നടപടി ചട്ടവിരുദ്ധമാണെന്നു സ്കോട്‌ലൻഡ് പരമോന്നത കോടതി നേരത്തെ വിധിച്ചിരുന്നു. നീക്കങ്ങൾ തടസ്സപ്പെടുത്തി പാർലമെന്റിനെ വരുതിയിൽ നിർത്താനുള്ള ദുരുദ്ദേശ്യമായിരുന്നു പ്രധാനമന്ത്രിയുടേതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു വിധി. ഇതിനെതിരെ സുപ്രീം കോടതിയിൽ സമർപ്പിച്ച അപ്പീലിലാണ് സർക്കാരിനു വീണ്ടും തിരിച്ചടി നേരിട്ടത്.

Top