ഡല്‍ഹിയിലെ കൊവിഡ് രോഗികളുടെ ചികിത്സാ ചെലവ് മൂന്നിലൊന്നായി കുറക്കാന്‍ തീരുമാനം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലെ കൊവിഡ് ചികിത്സാ ചെലവ് മൂന്നിലൊന്നായി കുറയ്ക്കാനുള്ള തീരുമാനത്തിന് അംഗീകാരം. ആഭ്യന്തര മന്ത്രാലയം നിയോഗിച്ച ഉന്നതതല സമിതിയാണ് ശുപാര്‍ശ ചെയ്തത്. കൊവിഡ് രോഗികള്‍ക്ക് ഡല്‍ഹിയില്‍ അഞ്ച് ദിവസത്തെ നിര്‍ബന്ധിത സര്‍ക്കാര്‍ നീരീക്ഷണമെന്ന ഉത്തരവും പിന്‍വലിച്ചു.

ആംആദ്മി പാര്‍ട്ടി വന്‍ പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ ഉത്തരവ് പിന്‍വലിച്ചത്. ഗവര്‍ണര്‍ അധ്യക്ഷനായ ഡല്‍ഹി ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തില്‍ ഉത്തരവിനെതിരെ അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചിരുന്നു. ഐസിഎംആറിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും പാലിച്ചാണ് വീടുകളില്‍ നീരീക്ഷണം നടത്തുന്നത്.

മറ്റ് സംസ്ഥാനങ്ങള്‍ക്കില്ലാത്ത പ്രത്യേക നിയമം ഡല്‍ഹിയില്‍ എന്തിനെന്നും കെജ്രിവാള്‍ ചോദിച്ചു. വിഷയം വലിയ രാഷ്ട്രീയ ചര്‍ച്ചയായതോടെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഢിയും എല്ലാവര്‍ക്കും സര്‍ക്കാര്‍ നിരീക്ഷണം വേണ്ടെന്ന നിലപാടെടുത്തു. പിന്നാലെയാണ് ട്വിറ്ററിലൂടെ ഉത്തരവ് പിന്‍വലിച്ചെന്ന് ലഫ്.ഗവര്‍ണര്‍ അറിയിച്ചത്.

Top