ജെറ്റ് എയര്‍വേസിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് നരേഷ് ഗോയല്‍ രാജിവെച്ചു

ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേസിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് നരേഷ് ഗോയലും ഭാര്യ അനിതാ ഗോയലും രാജിവെച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാവാതെ ജെറ്റ് എയര്‍വേസിന്റെ ഭൂരിഭാഗം വിമാനങ്ങളുടെയും സര്‍വീസ് മുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് നരേഷ് ഗോയലും ഭാര്യയും ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് രാജിവെക്കുന്നത്.

ഓഹരി ഉടമകളില്‍ നിന്ന് ഇദ്ദേഹത്തിന് മേല്‍ രാജിസമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.നരേഷ് ഗോയല്‍ തന്റെ കൈവശമുള്ള ഓഹരികള്‍ വിട്ടുനല്‍കുന്നതിലൂടെ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി താത്കാലികമായി പരിഹരിക്കാനാകുമെന്നാണ് മറ്റുള്ളവര്‍ വാദിച്ചിരുന്നത്.

ജെറ്റ് എയര്‍വേസിന്റെ ഭൂരിഭാഗം ഓഹരികളും നരേഷ് ഗോയലിന്റെയും ഭാര്യയുടെയും കൈവശമായിരുന്നു. നരേഷ് ഗോയലും ഭാര്യ അനിതാ ഗോയലും ചേര്‍ന്ന് 1993 ലാണ് ജെറ്റ് എയര്‍വേസ് വിമാന കമ്പനി സ്ഥാപിക്കുന്നത്. ഇരുവരും രാജിവെക്കുന്നതോടെ 33 ലക്ഷത്തിലധികം ഓഹരികളാകും വില്‍പ്പനയ്ക്കായി എത്തുക.നിലവില്‍ 100 കോടി ഡോളറിന്റെ കടമാണ് ജെറ്റ് എയര്‍വേസിനുള്ളത്. 119 വിമാനങ്ങളാണ് ജെറ്റ് എയര്‍വേസിനുള്ളത്. ഇതില്‍ 54 വിമാനങ്ങളുടെയും സര്‍വീസ് മുടങ്ങി. അറ്റകുറ്റ പണികള്‍ക്കായി 24 വിമാനങ്ങള്‍ നേരത്തേ തന്നെ സര്‍വീസില്‍ നിന്ന് പിന്‍വലിച്ചതിന് പിന്നാലെയാണ് പുതിയ പ്രതിസന്ധി വന്നത്.

Top