രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തിന്‍മേലുള്ള ചര്‍ച്ച ഇന്നും തുടരും

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തിന്‍മേലുള്ള ചര്‍ച്ച പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇന്നും തുടരും. ഇരുസഭകളിലും പ്രതിപക്ഷം ഇന്നലെ പെഗാസസ് വിഷയം ചര്‍ച്ചയില്‍ ഉന്നയിച്ചിരുന്നു. പെഗാസസ് ഉപയോഗിച്ച് രാജ്യത്തെ ജനങ്ങളെ നരേന്ദ്ര മോദി ആക്രമിക്കുന്നു എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രധാന ആരോപണം.

പെഗാസസ് വാങ്ങാനുള്ള കരാറുണ്ടാക്കിയത് പ്രധാനമന്ത്രിയുടെ ഇസ്രയേല്‍ സന്ദര്‍ശന സമയത്തെന്ന റിപ്പോര്‍ട്ടാണ് രാഹുല്‍ ഗാന്ധി ആയുധമാക്കിയത്. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുമ്പോള്‍ രാജ്യത്തിപ്പോഴുള്ളത് ചക്രവര്‍ത്തിയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ചൈനയേയും പാകിസ്ഥാനേയും ഒന്നിച്ചു വരാന്‍ അനുവദിച്ച് ഇന്ത്യ വലിയ അബദ്ധം കാട്ടിയെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.

അതേസമയം രാഹുല്‍ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രിമാരും വിമര്‍ശനം ശക്തമാക്കി രംഗത്തെത്തി. ജുഡീഷ്യറിക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിനെതിരെ നിയമമന്ത്രി കിരണ്‍ റിജിജു തന്നെ വിമര്‍ശനം ഉന്നയിച്ചു. സംസ്ഥാനങ്ങളുടെ യൂണിയന്‍ എന്ന സങ്കല്പത്തിനെതിരെ ജുഡീഷ്യറിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഉപകരണങ്ങളാകുന്നു എന്ന് രാഹുല്‍ പറഞ്ഞതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. രാഹുല്‍ ഗാന്ധി ജുഡീഷ്യറിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും മാപ്പു പറയണമെന്ന് കിരണ്‍ റിജിജു ആവശ്യപ്പെട്ടു.

Top