Deaths as Indian troops open fire on Kashmir protesters

ശ്രീനഗര്‍: സംഘര്‍ഷം വ്യാപിച്ച പശ്ചാത്തലത്തില്‍ കശ്മീര്‍ താഴ്‌വരയില്‍ നിശാനിയമം ഏര്‍പ്പെടുത്തി. ശനിയാഴ്ച അര്‍ധരാത്രിമുതലാണ് കര്‍ഫ്യു നിലവില്‍ വന്നത്. ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ മുസാഫര്‍ വാനി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. പലസ്ഥലങ്ങളിലും സൈന്യവും പ്രക്ഷോഭകാരികളും ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ 16 പേര്‍ മരിച്ചു. സുരക്ഷാ ഭടന്മാരടക്കം 90 പേര്‍ക്ക് പരിക്കേറ്റു. മൂന്നു പോലീസുകാരെ കാണാതായിട്ടുണ്ട്.

ഉത്തര കശ്മീരിലെ പല ജില്ലകളിലും വ്യാപക അക്രമങ്ങളാണ് ശനിയാഴ്ച അരങ്ങേറിയത്. ബരാമുള്ള ജില്ലയിലെ പലസ്ഥലത്തും പ്രക്ഷോഭകാരികള്‍ പോലീസിന് നേരെ കല്ലേറ് നടത്തി. നാല് പോലീസ് സ്‌റ്റേഷനുകള്‍ പ്രക്ഷോഭകാരികള്‍ കത്തിച്ചു. ചിലയിടങ്ങളില്‍ സുരക്ഷാ സേനയുടെ വാഹനങ്ങളില്‍ നിന്ന് ആയുധങ്ങള്‍ കടത്തിയ റിപ്പോര്‍ട്ടുകളുമുണ്ട്.

ഗുല്‍ഖാമിലെ ബി.ജെ.പി ഓഫീസ് തകര്‍ത്തു. നിരവധി പോലീസ് പോസ്റ്റുകളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. സംഘര്‍ഷം വ്യാപിക്കുന്നത് തടയാന്‍ ഇന്റര്‍നെറ്റ് സേവനം അധികൃതര്‍ തടഞ്ഞിട്ടുണ്ട്.

ശ്രീനഗറിലെ ഏഴ് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷകള്‍ പലതും മാറ്റിവച്ചു. പുല്‍വാമ ജില്ലയിലും അനന്ത്‌നാഗ്, ഷോപ്പിയാന്‍, പുല്‍ഗാം, സോപ്പോര്‍ എന്നീ നഗരങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു.

വെള്ളിയാഴ്ച രാത്രിയോടെയാണ് ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ മുസാഫര്‍ വാനിയേയും രണ്ട് കൂട്ടാളികളെയും സൈന്യം വധിച്ചത്.

Top