യുക്രൈനിലെ നോവ കഖോവ്ക’ തകര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരണം 9 ആയി

 

തെക്കന്‍ യുക്രൈനില്‍ റഷ്യയുടെ നിയന്ത്രണത്തിലുള്ള പ്രധാന അണക്കെട്ടായ ‘നോവ കഖോവ്ക’ തകര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരണം 9 ആയി ഉയര്‍ന്നു. 17 സെറ്റില്‍മെന്റുകളിലായി 22,273 വീടുകള്‍ വെള്ളത്തിനടിയിലായതായാണ് റിപ്പോര്‍ട്ട്. 243 കുട്ടികള്‍ ഉള്‍പ്പെടെ 5800-ലധികം ആളുകളെ ഒഴിപ്പിച്ചതായി കെര്‍സണ്‍ മേഖലയുടെ തലവന്‍ വ്ളാഡിമിര്‍ സാല്‍ഡോ പറഞ്ഞു.

ചൊവ്വാഴ്ചയുണ്ടായ വന്‍സ്‌ഫോടനത്തിലാണ് തെക്കന്‍ യുക്രൈനില്‍ റഷ്യയുടെ നിയന്ത്രണത്തിലുള്ള പ്രധാന അണക്കെട്ടായ ‘നോവ കഖോവ്ക’ തകര്‍ന്നത്. അണക്കെട്ടും ജലവൈദ്യുതനിലയവും തകര്‍ത്തത് റഷ്യയാണെന്ന് യുക്രൈന്‍ ആരോപിച്ചു. എന്നാല്‍, സംഭവത്തിനുപിന്നില്‍ യുക്രൈനാണെന്നാണ് റഷ്യയുടെ വാദം. ഡിനിപ്രോ നദിയുടെ കുറുകെ 1956 ല്‍ പണിപൂര്‍ത്തീകരിച്ച അണക്കെട്ടാണ് നോവ കഖോവ്ക.

നൂറിലധികം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാകുമെന്ന് നേരത്തെ യുക്രൈനിലെ ‘വേള്‍ഡ് ഡേറ്റാ സെന്റര്‍ ഫോര്‍ ജിയോഇന്‍ഫര്‍മാറ്റിക്‌സ് ആന്‍ഡ് സസ്‌റ്റൈനബിള്‍ ഡെവലപ്‌മെന്റ്’ മുന്നറിയിപ്പ് നല്‍കിയിരുന്നു. ദുരന്തത്തിന്റെ പാരിസ്ഥിതികപ്രത്യാഘാതം തലമുറകളെ ബാധിക്കും. അഞ്ചുമുതല്‍ ഏഴുദിവസത്തിനുള്ളിലേ ജലനിരപ്പ് താഴുകയുള്ളൂവെന്നും സംഘടന പറയുന്നു. അണക്കെട്ട് തകര്‍ച്ച പതിനാറായിരത്തിലധികം ആളുകളെ നേരിട്ടുബാധിക്കുമെന്നാണ് കണക്കാക്കുന്നത്.

Top