ദോഡയില്‍ ബസപകടത്തില്‍ മരണം 39 ആയി;അന്വേഷണത്തിന് മൂന്നംഗ സമിതി

ദോഡ: ജമ്മു കശ്മീരിലെ ദോഡയില്‍ ബസപകടത്തില്‍ മരണം 39 ആയി. 55 യാത്രക്കാരുമായി വരികയായിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. സംഭവത്തിന് പിന്നാലെ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ മൂന്നംഗ സമിതിയെ അപകടത്തേക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ചിരിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഇവര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. ഈ മേഖലയിലെ റോഡുകളുടെ ശോചനീയാവസ്ഥയേക്കുറിച്ച് നാട്ടുകാരുടെ പരാതി നിലനില്‍ക്കെയാണ് അപകടമുണ്ടായിട്ടുള്ളത്.

വാഹനങ്ങളില്‍ അമിത ഭാരം കയറ്റുന്നതും അശ്രദ്ധമായ ഡ്രൈംവിഗ് അടക്കമുള്ള ഘടകങ്ങളേക്കുറിച്ച് കമ്മിറ്റി പഠിക്കും. ഇന്നലെ ഉച്ചയോടെ കിഷ്ത്വാറില്‍ നിന്ന് ജമ്മുവിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. ദോഡ ജില്ലയിലെ അസര്‍ മേഖലയില്‍ ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. 300 അടി താഴ്ച്ചയിലേക്കാണ് ബസ് പതിച്ചത്. വളവ് തിരിയുന്നതിനിടെ ഡ്രൈവര്‍ക്ക് ബസിന്റെ നിയന്ത്രണം നഷ്ടമായിയെന്നാണ് പ്രാഥമിക നിഗമനം. ഇരുപത് പേരെയാണ് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഇവരിലൊരാള്‍ ബുധനാഴ്ച രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. നാട്ടുകാരും പോലീസും നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ പരിക്കേറ്റവരെ ബസിന് പുറത്തെടുക്കുകയായിരുന്നു.

അപകടത്തില്‍പെട്ട ബസിന് മതിയായ രേഖകളിലില്ലെന്ന റിപ്പോര്‍ട്ടുകളും അതിനിടെ പുറത്തുവന്നു. പരിക്കേറ്റവരെ കിഷ്ത്വാറിലെ ജില്ല ആശുപത്രിയിലും ദോഡ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലുമാണ് പ്രവേശിപ്പിച്ചത്. അപകടത്തില്‍ രാഷ്ട്രപതി ദ്രൌപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും കേന്ദ്ര സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചിരുന്നു. സമാനമായ നിരവധി അപകടങ്ങളാണ് ഈ മേഖലയില്‍ അടുത്തിടെ നടന്നിട്ടുള്ളത്.

Top