മോണ്ടിസിറ്റോ മണ്ണിടിച്ചില്‍:മരണസംഖ്യ 16, മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്ന് അധികൃതര്‍

ന്യൂയോര്‍ക്ക്: അമേരിക്കയിലെ തെക്കന്‍ കാലിഫോര്‍ണിയയിലെ മോണ്ടിസിറ്റോയിലുണ്ടായ മണ്ണിടിച്ചിലില്‍ 16 പേര്‍ കൊല്ലപ്പെട്ടു. 24 പേരെ കാണാനില്ല. ഇവിടെ 300 പേരെങ്കിലും പുറംലോകവുമായി ബന്ധമില്ലാതെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കണക്കുകള്‍.

ദിവസങ്ങളോളം നീണ്ടുനിന്ന കനത്ത മഴയ്‌ക്കൊടുവിലാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും ആളുകള്‍ ഒഴിഞ്ഞുപോകണമെന്നും ഒട്ടേറെ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നെങ്കിലും അത് പലരും അവഗണിച്ചതാണ് മരണസംഖ്യ ഉയരാന്‍ കാരണമായത്.

കഴിഞ്ഞമാസമുണ്ടായ കാട്ടുതീയില്‍ ഇതേ പ്രദേശത്തുനിന്ന് നൂറുകണക്കിന് പേരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഇക്കുറി ഒഴിഞ്ഞുപോകാന്‍ അധികൃതരാവശ്യപ്പെട്ടെങ്കിലും, കഴിഞ്ഞമാസത്തേതുപോലെ മുന്നറിയിപ്പ് മാത്രമാകാമെന്ന് കരുതിയാണ് പലരും പോകാതിരുന്നത്. അതാണ് ഇത്രയധികം പേര്‍ ഈ പ്രദേശത്ത് തുടരാനിടയാക്കിയതും.

ഏറെ പ്രശസ്തരായ ആളുകള്‍ താമസിക്കുന്ന മേഖല കൂടിയാണിത്. അമേരിക്കന്‍ ടി.വി.അവതാരക ഓപ്ര വിന്‍ഫ്രിയുടെ 50 ദശലക്ഷം ഡോളര്‍ വിലമതിക്കുന്ന വീടും വസ്തുക്കളും മണ്ണൊലിച്ചിലില്‍ തകര്‍ന്ന കൂട്ടത്തിലുണ്ട്. മുന്‍ ടെന്നീസ് താരം ജിമ്മി കോണേഴ്‌സ് വീട്ടില്‍ കുടുങ്ങിപ്പോയി. ഇദ്ദേഹത്തെ വിമാനമാര്‍ഗമാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.

കുടുങ്ങിക്കിടക്കുന്നവരെ വിമാനമാര്‍ഗം രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എത്രപേര്‍ മേഖലയില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നതിന്റെ വ്യക്തമായ സൂചന ഇനിയും ലഭ്യമായിട്ടില്ലെന്ന് സാന്റ ബാര്‍ബറ കൗണ്ടി ഷെരീഫ് ബില്‍ ബ്രൗണ്‍ പറഞ്ഞു.

സാന്റ ബാര്‍ബറ മേഖലയിലുള്ള ഏഴായിരത്തോളം പേരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ചൊവ്വാഴ്ച ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം പറഞ്ഞു. 23,000 പേരോട് കരുതിയിരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.. എന്നാല്‍, പലരും വീട്ടില്‍ത്തന്നെ തുടരുകയായിരുന്നു. മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകള്‍ പലരും കാര്യമായെടുത്തിരുന്നില്ലെന്നും അതാണ് ദുരന്തത്തിന്റെ വ്യാപ്തികൂട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

Top