ജപ്പാനില്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി

ടോക്കിയോ: ജപ്പാനില്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി. ഇഷികാവയില്‍ എട്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. ഭൂചലനത്തെ തുടര്‍ന്നുള്ള നാശനഷ്ടം കണക്കാക്കിവരുന്നു. തീരദേശ മേഖലയില്‍ തൊഴില്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കി. ജപ്പാന്റെ പശ്ചിമ തീരത്ത് സുനാമി മുന്നറിയിപ്പ് തുടരുകയാണ്.

ഭൂകമ്പത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കുടുങ്ങികിടക്കുന്നവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഒരു ലക്ഷത്തിനടുത്ത് ആളുകളാണ് അഭയാര്‍ത്ഥി ക്യാമ്പുകളിലുള്ളത്. സൈന്യം രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. എന്നാല്‍ തകര്‍ന്ന റോഡുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. ഇതിനിടെ സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായി.

ഭൂചലനത്തെ തുടര്‍ന്ന് ഹൊകുരികു ഇലക്ട്രിക് പവര്‍ ആണവ നിലയങ്ങളില്‍ ക്രമക്കേടുകള്‍ സംഭവിച്ചിട്ടില്ലെന്നും ആണവ നിലയങ്ങള്‍ സുരക്ഷിതമാണെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ ഹൊക്കുരിക്കു നിലയം പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുകയാണ്. പ്രധാന ദ്വീപായ ഹോണ്‍ഷുവിലെ ഇഷികാവ പ്രവിശ്യയില്‍ ഉണ്ടായ ഭൂചലനത്തിന്റെ തീവ്രത 7.5 ആണെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അറിയിച്ചു. ആദ്യ ഭൂചലനത്തിന് പിന്നാലെ 90 തുടര്‍ ചലനങ്ങളാണുണ്ടായത്.

Top