ഇറാഖില്‍ വന്‍ പ്രക്ഷോഭം; സര്‍ക്കാര്‍ അസ്ഥാനം ഉപരോധിച്ച് സദര്‍ അനുകൂലികള്‍

ബാഗ്ദാദ്: ഇറാഖിലെ ജനകീയ ഷിയ നേതാവ് മുഖ്തദ അല്‍ സദര്‍ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായും രാഷ്ട്രീയ പാര്‍ട്ടി പിരിച്ചുവിടുന്നതായും പ്രഖ്യാപിച്ചതിനു പിന്നാലെ രാജ്യത്ത് വന്‍ പ്രക്ഷോഭം. സദറിന്റെ അനുയായികള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. കലാപകാരികളും സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 20 സദര്‍ അനുകൂലികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. അക്രമങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

തെരുവുകളില്‍ പ്രതിഷേധം തുടരുന്നതിനാല്‍ രാജ്യവ്യാപകമായി കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷാ സേന പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഷെല്ലുകളും പ്രയോഗിച്ചു.

അതിനിടെ തന്നെ അനുകൂലിക്കുന്നവര്‍ക്കെതിരായ സുരക്ഷാ സേനയുടെ നടപടികളില്‍ പ്രതിഷേധിച്ച് സദര്‍ നിരാഹാര സമരം തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. സുരക്ഷാ സേനയുടെ നടപടികള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ പ്രതിഷേധക്കാര്‍ ഇറാഖ് സര്‍ക്കാര്‍ ആസ്ഥാന മന്ദിരത്തിലേക്ക് അതിക്രമിച്ചു കയറിയിരുന്നു. സര്‍ക്കാന്‍ ആസ്ഥാന മന്ദിരത്തിലേക്ക് ബാരിക്കേഡുകള്‍ തകര്‍ത്തു പ്രവേശിച്ച പ്രതിഷേധക്കാരെ പട്ടാളം ഇറങ്ങിയാണു നീക്കിയത്. പ്രതിഷേധക്കാര്‍ ബാഗ്ദാദിലുള്ള പ്രസിഡന്റിന്റെ കൊട്ടാരവും കൈയേറിയിരുന്നു. കാവല്‍ പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ യോഗം തടസപ്പെട്ടു.

ഇറാന്‍ അനുകൂലികള്‍ സര്‍ക്കാരുണ്ടാക്കുന്നതിനെ എതിര്‍ത്തും ഇടക്കാല തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ടും അല്‍ സദറിന്റെ അനുയായികള്‍ കഴിഞ്ഞമാസം പാര്‍ലമെന്റ് മന്ദിരത്തില്‍ കയറി പ്രതിഷേധിച്ചിരുന്നു.

താന്‍ രാഷ്ട്രീയം വിടുകയാണെന്നും പാര്‍ട്ടി ഓഫീസുകള്‍ അടച്ചുപൂട്ടണമെന്നും വ്യക്തമാക്കി ഇന്നലെയാണു അല്‍ സദര്‍ ട്വീറ്റ് ചെയ്തത്. ഇറാഖിലെ ഷിയാ സമൂഹത്തിന്റെ ആത്മീയ നേതാവായ ആയത്തുല്ല ഖാദിം അല്‍ ഹൈരി, മത നേതൃത്വം ഒഴിയുന്നതായും അനുയായികളോട് ഇറാനിലെ ആയത്തുല്ല അല്‍ ഖമേനിയെ പിന്തുണയ്ക്കണമെന്നും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇറാഖിലെ വിശുദ്ധ നഗരമായ നജാഫിലെ ഷിയാ ആത്മീയകേന്ദ്രത്തെ തള്ളിയ ഈ നടപടി അല്‍ സദറിനു തിരിച്ചടിയായിരുന്നു. തുടര്‍ന്നാണു രാഷ്ട്രീയം വിടുന്നുവെന്ന പ്രഖ്യാപനം വന്നത്.

Top