കത്തുകളിലൂടെയും ട്വിറ്ററിലൂടെയും വധ ഭീഷണി വന്നു; വെളിപ്പെടുത്തി ഇംഗ്ലീഷ് പേസര്‍

ലണ്ടന്‍: 2011 ല്‍ ഇംഗ്ലണ്ടിനെതിരായ നാല് മത്സര ടെസ്റ്റ് പരമ്പരയില്‍ ആദ്യ മൂന്ന് ടെസ്റ്റും തോറ്റ് ഇന്ത്യ 3-0ന് പിന്നില്‍ നില്‍ക്കുമ്പോള്‍ ഓവലില്‍ നടന്ന നാലാം ടെസ്റ്റില്‍ നൂറാം സെഞ്ചുറിക്ക് അരികിലെത്തിയ സച്ചിനെ പുറത്താക്കിയതിന് വധഭീഷണി വരെ ലഭിച്ചുവെന്ന് ഇംഗ്ലീഷ് പേസര്‍ ടിം ബ്രെസ്‌നന്‍.

സച്ചിന്‍ 91 ല്‍ നില്‍ക്കുമ്പോള്‍ ടിം ബ്രെസ്‌നന്റെ പന്ത് സച്ചിന്റെ പാഡില്‍ തട്ടി. എല്‍ ബി ഡബ്ല്യുവിനായി ബ്രെസ്‌നന്‍ അപ്പീല്‍ ചെയ്യുകയും അമ്പയറായ റോഡ് ടക്കര്‍ ഔട്ട് വിധിക്കുകയും ചെയ്തു. ഇതോടെ സച്ചിന്റെ നൂറാം സെഞ്ചുറിക്കായി കാത്തിരുന്ന ഇന്ത്യന്‍ ആരാധകര്‍ നിരാശരായി. ബിസിസിഐ അന്ന് ഡിആര്‍എസിന് എതിരായിരുന്നതിനാല്‍ പരമ്പരയില്‍ ഡിആര്‍എസ് ഇല്ലായിരുന്നു. അതിനാല്‍ ഇന്ത്യക്ക് അമ്പയറുടെ തീരുമാനം റിവ്യു ചെയ്യാനും കഴിഞ്ഞില്ല.

പക്ഷെ റീ പ്ലേകളില്‍ പന്ത് സച്ചിന്റെ ലെഗ് സ്റ്റംപിന് മുകലിലെ തട്ടുമായിരുന്നുള്ളു എന്ന് വ്യക്തമായിരുന്നു.91ല്‍ നില്‍ക്കെ സച്ചിനെ പുറത്താക്കിയതിന് പിന്നീട് തനിക്ക് വധഭീഷണിവരെ ഉണ്ടായെന്ന് ബ്രെസ്‌നന്‍ പറഞ്ഞു. മാസങ്ങളോളം ഞാനും ഔട്ട് വിധിച്ച അമ്പയര്‍ റോഡ് ടക്കറും ആരാധകരുടെ രോഷത്തിന് ഇരയായി. കത്തുകളിലൂടെയും ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചു. വധഭീഷണിക്ക് പിന്നാലെ അമ്പയര്‍ റോഡ് ടക്കര്‍ക്ക് സ്വയരക്ഷക്കായി പോലീസ് സഹായം തേടേണ്ടിവന്നു. വര്‍ഷങ്ങളോളം ഈ ഭീഷണി തുടര്‍ന്നുവെന്നും ടിം ബ്രെസ്‌നന്‍ പറഞ്ഞു.

Top