death threats-shamseer MLA

കണ്ണൂർ: ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റും തലശ്ശേരി എം എൽ എയുമായ എ.എൻ.ഷംസീറിനു നേരെയുണ്ടായ ആർ എസ് എസ് ഭിഷണി ജില്ലയിൽ വീണ്ടും സംഘർഷത്തിന് വഴിമരുന്നിടുമോ എന്ന ആശങ്കയിൽ പൊലീസ്.

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ബിജെപി, ആർഎസ്എസ്, സി പി എം അടക്കം പ്രമുഖ പാർട്ടികളുടെ സംസ്ഥാന നേതാക്കൾ പങ്കെടുത്ത സർവ്വകക്ഷി യോഗത്തിനു ശേഷമാണ് ഈ ഭീഷണി എന്നത് അതീവ ഗൗരവമായാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നോക്കികാണുന്നത്.

ഷംസീറിന് പൊലീസ് സുരക്ഷ നൽകണമെന്ന് രഹസ്യാന്വേഷണ വിഭാഗവും റിപ്പോർട്ട് നൽകിയതായാണ് സൂചന.

ഷംസീറിന്റെ രക്തം കൊണ്ട് ഓം കാളി പൂജചെയ്യുമെന്നാണ് മുദ്രാവാക്യം വിളിച്ചു എത്തിയ ഒരു സംഘം ആർ എസ് എസ് പ്രവർത്തകർ ഷംസീറിന്റെ വീടിന്റെ മുന്നിലെ മതിലിൽ എഴുതിയിരുന്നത്.

മുകളിൽ എന്ത് സമാധാന ചർച്ച നടത്തിയാലും അണികൾ അത് അംഗീകരിക്കില്ലന്ന വ്യക്തമായ സന്ദേശം കൂടി നൽകുന്ന നടപടിയാണിത്.

സംസ്ഥാന സ്കൂൾ യുവജനോത്സവം നടക്കുന്ന സമയത്ത് കൊല്ലപ്പെട്ട ആർ എസ് എസ് – ബി ജെ പി പ്രവർത്തകൻ സന്തോഷിന്റെ കൊലപാതകത്തെ തുടർന്നുണ്ടായ സംഘർഷത്തിന്റെ പശ്ചാതലത്തിലായിരുന്നു സർവ്വകക്ഷി യോഗം നടന്നിരുന്നത്.

ആക്രമണത്തെ ആക്രമണം കൊണ്ട് നേരിടുന്ന കണ്ണൂർ ശൈലിയിൽ നിന്ന് പാർട്ടി പ്രവർത്തകരെ പിന്തിരിപ്പിക്കാൻ നേതാക്കൾ നടത്തിയ ശ്രമങ്ങളെ പോലും ക്ഷുഭിതരായി അണികൾ എതിർത്ത സംഭവങ്ങളും ഇതിനകം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന സർവ്വകക്ഷിയോഗ തീരുമാനമായതിനാൽ പരമാവധി സംയമനം പാലിക്കാൻ സി പി എം ജില്ലാ നേതൃത്വം കീഴ്ഘടകങ്ങൾക്ക് പ്രത്യേക നിർദ്ദേശം തന്നെ നൽകിയിരുന്നു.

എന്നാൽ മുഖ്യമന്ത്രിക്കെതിരെ, സമാധാന യോഗത്തിനുശേഷവും സംഘപരിവാർ സംഘടനകൾ സംസ്ഥാനത്തിന് പുറത്ത് കണ്ണൂരിനെ ചൂണ്ടികാട്ടി പ്രതിഷേധം തുടരുന്നതിൽ കടുത്ത അമർഷമാണ് പാർട്ടി അണികൾക്കിടയിലുള്ളത്.

ഇപ്പോൾ ഷംസീറിന്റെ വീടിനു നേരെയുണ്ടായ പ്രകോപനവും ഭീഷണിയുമെല്ലാം സി പി എം അണികളെയും രോഷാകുലരാക്കിയിട്ടുണ്ട്.

ഷംസീറിന് നേരെ ചെറിയ രൂപത്തിലുള്ള പ്രതികരണം പോലും ആർ എസ് എസ് – ബി ജെ പി പ്രവർത്തകരുടെ ഭാഗത്ത് നിന്നുണ്ടായാൽ അത് വലിയ പ്രത്യാഘാതം തന്നെ ഉണ്ടാക്കുമെന്നത് ജില്ലയെ ഇപ്പോൾ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

സി പി എം ന്റെ ജില്ലയിലെ ശക്തമായ മുഖമായ ഷംസീർ ചാനൽ ചർച്ചകളിൽ പോലും എതിരാളികളെ കടന്നാക്രമിച്ച് പാർട്ടി നിലപാട് വിശദീകരിക്കുന്ന നേതാവാണ്.

മുൻപ് നിരവധി തവണ അദ്ദേഹത്തിനു നേരെ ഭീഷണി ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോൾ വന്ന ഭീഷണിയെ സി പി എം നേതൃത്വം ചെറുതായി കാണുന്നില്ല.

ആർ എസ എസിനു ധാരാളം പ്രവർത്തകർ ഉള്ള പ്രദേശം കൂടിയാണ് തലശ്ശേരി എന്നതിനാൽ പാർട്ടി പ്രവർത്തകരോടും ജാഗ്രത പാലിക്കാൻ സി പി എം നിർദ്ദേശം നൽകിയിട്ടുണ്ട്.

Top