നരേന്ദ്ര മോദിക്കെതിരെ വധഭീഷണി സന്ദേശം; ‘ഡി കമ്പനി’ രണ്ടുപേരെ കൊല്ലാൻ നിയോഗിച്ചെന്നാണ് സന്ദേശം

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണി സന്ദേശം. ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദി ഇപ്പോൾ ഗുജറാത്തിൽ റാലികളില്‍ പങ്കെടുത്ത് വരുമ്പോഴാണ് ഭീഷണി വരുന്നത്. മുംബൈ പോലീസിന്റെ ട്രാഫിക് വിഭാഗത്തിനാണ് ഈ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരിക്കുന്നത്.

മുംബൈ ട്രാഫിക് പോലീസിന്റെ വാട്‌സ്ആപ്പ് നമ്പറിലാണ് ഒരു ഓഡിയോ സന്ദേശമായി പ്രധാനമന്ത്രിയെ വധിക്കും എന്ന ഭീഷണി വന്നത്. പ്രധാനമന്ത്രി മോദിയെ കൊല്ലാൻ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുടെ രണ്ട് പ്രവർത്തകരെ ചുമതലപ്പെടുത്തിയതായി ഈ ഓഡിയോ സന്ദേശത്തിൽ പറയുന്നു. പ്രധാനമന്ത്രി മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന വാർത്തയെ തുടർന്ന് മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച് സംഘം ഇതിന്റെ അന്വേഷണ ചുമതല ഏറ്റെടുത്തെന്നാണ് വിവരം.

അജ്ഞാതമായ നമ്പറില്‍ നിന്നാണ് ഭീഷണി ഓഡിയോ സന്ദേശം അയച്ചിരിക്കുന്നത്. മോദിയെ വധിക്കാൻ ദാവൂദ് ഇബ്രാഹിമിന്റെ രണ്ട് സഹായികളുടെ പേരുകളും ഭീഷണി മുഴക്കുന്ന ഓഡിയോ സന്ദേശം അയച്ചയാൾ നൽകിയിട്ടുണ്ട്. മുസ്തഫ അഹമ്മദ്, നവാസ് എന്നാണ് എന്നാണ് കൊലയാളികളുടെ പേര് എന്നാണ് ഓഡിയോയില്‍ പറയുന്നത്. എന്നാൽ ഓഡിയോ സന്ദേശം അയച്ചയാൾ തന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഈ ഓഡിയോ ക്ലിപ്പ് ഹിന്ദിയിലാണ് എന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇതുവരെ 7 ഭീഷണി സന്ദേശങ്ങൾ അയച്ചിട്ടുണ്ടെന്നാണ് മുംബൈ പൊലീസ് പറയുന്നത്. സന്ദേശം അയച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച്. ഇതുമായി ബന്ധപ്പെട്ട് ഒരു വജ്രവ്യാപാരിയെ പൊലീസ് ചോദ്യം ചെയ്തുവെന്നാണ് വിവരം. വാട്‌സ്ആപ്പ് സന്ദേശത്തിൽ ഒരു വ്യക്തിയുടെ ഫോട്ടോയും അയച്ചിട്ടുണ്ട്. സുപ്രഭാത് വെസ് എന്ന വ്യക്തിയുടെ ഫോട്ടയാണ് എന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഈ വ്യക്തി ജോലി ചെയ്തിരുന്നത് ഒരു വജ്രവ്യാപാരിയുടെ കൂടെയാണ് എന്ന് മനസിലാക്കിയാണ് പൊലീസ് ഇയാളെ ചോദ്യം ചെയ്തത്. സംശയാസ്പദമായ പ്രവർത്തനങ്ങളുടെ പേരിൽ ഇയാളെ മുന്‍പ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടുവെന്നാണ് വ്യാപാരി മൊഴി നല്‍കിയത് എന്നാണ് വിവരം.

Top