പ്രതികള്‍ രക്ഷപെടാന്‍ ശ്രമിച്ചാലും കൊല്ലുക അല്ലായിരുന്നു വേണ്ടത്: ജസ്റ്റിസ് കെമാല്‍ പാഷ

കൊച്ചി: ഹൈദരാബാദില്‍ തെലങ്കാന പോലീസ് ചെയ്തത് ജനങ്ങള്‍ വൈകാരികമായി പ്രതികരിക്കുന്നതിന് തുല്യമായിപ്പോയെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്‌കെമാല്‍ പാഷ.ഹൈദരാബാദില്‍ വനിതാ വെറ്ററിനറി ഡോക്ടറെ മാനഭംഗപ്പെടുത്തിയ ശേഷം കത്തിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് വെടിവച്ചുകൊന്നതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രതികള്‍ രക്ഷപെടാന്‍ ശ്രമിച്ചാലും കൊല്ലുക അല്ലായിരുന്നു വേണ്ടതെന്നും കെമാല്‍ പാഷ പറഞ്ഞു.നീതി ഇങ്ങനെ ആയിരുന്നില്ല വേണ്ടത്, അതൊരു ഏറ്റുമുട്ടലാണ് എന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരും ആഗ്രഹിക്കുന്ന ശിക്ഷ തന്നെയാണ് പ്രതികള്‍ക്ക് ലഭിച്ചത്. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ തന്നെയാണ് അവര്‍ക്ക് കിട്ടേണ്ടത്. എന്നാല്‍ വിചാരണ ചെയ്ത് കുറ്റം തെളിഞ്ഞ ശേഷമാണ് അവരെ ശിക്ഷിക്കേണ്ടത്. പരമാവധി ശിക്ഷ വധശിക്ഷയാണ്- അദ്ദേഹം പറഞ്ഞു.

പലയിടത്തും നീതിന്യായ വ്യവസ്ഥ പരാജയപ്പെടുന്നത് നമ്മള്‍ കാണുന്നുണ്ട്. ഇത്തരം പ്രതികള്‍ നമ്മുടെ ചെലവില്‍ ജയിലില്‍ തടിച്ച് കൊഴുത്ത് കഴിയുന്നതിനോട് എനിക്കും എതിര്‍പ്പ് തന്നെയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top