കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ; നിയമ ഭേദഗതി രാജ്യസഭയും പാസാക്കി

CHILD-RAPE

ന്യൂഡല്‍ഹി: പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്ക് വധശിക്ഷ വരെ നല്‍കാവുന്ന തരത്തില്‍ പോക്സോ നിയമത്തില്‍ വരുത്തിയ ഭേദഗതി രാജ്യസഭയും പാസാക്കി.

നേരത്തെ, ലോക്സഭ പാസാക്കിയ ബില്‍ ഇനി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും. ബില്ലില്‍ രാഷ്ട്രപതി ഒപ്പിടുന്നതോടെ ഇത് നിയമമാകും.

കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോക്സോ നിയമം അനുസരിച്ച് നിലവില്‍ ഈ കുറ്റത്തിന് കിട്ടാവുന്ന പരാമവധി ശിക്ഷ ജീവപര്യന്തം തടവാണ്, കുറഞ്ഞ ശിക്ഷ ഏഴ് വര്‍ഷവുമാണ്.

എന്നാല്‍ ഇക്കാര്യത്തില്‍ മാറ്റം വരുത്തി ലൈംഗിക അതിക്രമത്തിന് കുറഞ്ഞ ശിക്ഷയായി 20 വര്‍ഷത്തെ തടവ് നല്‍കണമെന്നും പരമാവധി ശിക്ഷയായി വധശിക്ഷ നല്‍കണമെന്നും ബില്ലില്‍ പറയുന്നു.

മാത്രമല്ല, കൂട്ട ലൈംഗിക അതിക്രമത്തിന് ആജീവനാന്തം തടങ്കല്‍ അല്ലെങ്കില്‍ വധശിക്ഷ ആകും നല്‍കുക. ലൈംഗിക അതിക്രമക്കേസുകളുടെ വിചാരണ വനിതാ ജഡ്ജിയുടെ കോടതിയില്‍ ആയിരിക്കണം.

ലൈംഗിക അതിക്രമത്തിന് ഇരയാകുന്നവരുടെ മൊഴി വനിതാ പൊലീസ് ഓഫീസര്‍ തന്നെ രേഖപ്പെടുത്തണമെന്നും ബില്ലില്‍ പറയുന്നു.

Top