വധശിക്ഷ നടപ്പാക്കിയാല്‍ രാജ്യത്ത് പീഡനം കുറയുമോയെന്ന് കേന്ദ്രത്തോട് ഡല്‍ഹി ഹൈക്കോടതി

hang

ന്യൂഡല്‍ഹി: പന്ത്രണ്ടില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നടപ്പാക്കിയാല്‍ രാജ്യത്ത് മാനഭംഗം കുറയുമോയെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതി.പുതിയ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് മുമ്പ് ഈ വിഷയത്തില്‍ ഏന്തെങ്കിലും ഗവേഷണമോ ശാസ്ത്രീയമായ വിലയിരുത്തല്‍ നടത്തിയിരുന്നോയെന്നും ഹൈക്കോടതി ചോദിച്ചു.

ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം സൂചിപ്പിച്ചത്. ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഗീതാ മിത്തല്‍, ജസ്റ്റിസ് സി.ഹരിശങ്കര്‍ എന്നിവരുടെ ബെഞ്ചാണ് ഇക്കാര്യം കേന്ദ്രത്തോട് ചോദിച്ചത്. പീഡനത്തിന് ഇരയായവര്‍ക്ക് ഇത് എന്ത് അനന്തരഫലമുണ്ടാക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു.

പന്ത്രണ്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുന്നവര്‍ക്ക് വധശിക്ഷ വരെ നല്‍കാനുള്ള നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്നെല ഒപ്പുവച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്. ഇനി ഇത് ആറ് മാസത്തിനുള്ളില്‍ പാര്‍ലമെന്റില്‍ പാസാക്കിയാല്‍ നിയമമായി മാറും.

കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന പ്രതികള്‍ക്ക് പോക്‌സോ നിയമപ്രകാരം നിലവില്‍ പരമാവധി ശിക്ഷ ജീവപര്യന്തമാണ്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം കൂട്ടമാനഭംഗക്കേസുകളില്‍ വധശിക്ഷ വിധിക്കാറുണ്ട്.

Top