വിനായകന്റെ മരണം ; പരാതി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

കൊച്ചി: പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിനെ തുടര്‍ന്ന് ജീവനൊടുക്കിയ വിനായകന്റെ കേസിലെ പരാതി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.

കഴിഞ്ഞ ജൂലൈ 27നാണ് വിനായകന്റെ അച്ഛന്‍ കൃഷ്ണന്‍ ഹൈക്കോടതിയില്‍ പരാതി നല്‍കിയത്.

ജസ്റ്റിസ് പയസ് സി കുര്യാക്കോസും, ജസ്റ്റിസ് കെ പി ബാലചന്ദ്രനും അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് പരാതി സ്വീകരിക്കാന്‍ തീരുമാനിച്ചത്.

പൊലീസ് കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്നാണ് വിനായകന്‍ ജീവനൊടുക്കിയത്.

തൃശൂര്‍ പാവറട്ടി പൊലീസാണ് വിനായകനെ കസ്റ്റഡിയിലെടുത്തത്. വിനായകന് പൊലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് വ്യാപക പ്രതിഷേധമാണ് പൊലീസിനെതിരെ ഉയര്‍ന്നത്.

പെണ്‍കുട്ടിയുമായി സംസാരിച്ചു നില്‍ക്കുന്നത് കണ്ടതിനെ തുടര്‍ന്നാണ് വിനായകനെ കസ്റ്റഡിയിലെടുത്തെന്നും, മാല പൊട്ടിക്കുന്ന സംഘത്തില്‍പ്പെട്ട ആളാണെന്ന് കരുതിയാണ് അറസ്റ്റ് ചെയ്തതെന്നായിരുന്നു പൊലീസ് നല്‍കിയ വിശദീകരണം.

സ്റ്റേഷനില്‍ വച്ച് വിനായകന്‍ ക്രൂരപീഡനത്തിന് ഇരയായെന്നാണ് ബന്ധുക്കളുടെ പരാതി.

വിനായകന്റെ മരണവുമായി ബന്ധപ്പെട്ട് വാടാനപ്പള്ളി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.

സംഭവത്തില്‍ സീനിയര്‍ സിപിഒ സാജന്‍, സിപിഒ ശ്രീജിത്ത് എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Top