കാസര്‍കോട് സഹോദരങ്ങള്‍ മരിച്ചത് മിലിയോഡോസിസ് ബാധിച്ച്

കാസര്‍കോട്: കാസര്‍കോട് ബദിയെടുക്ക കന്യംപാടിയില്‍ സഹോദരങ്ങളായ രണ്ട് കുട്ടികള്‍ മരിച്ചത് മിലിയോഡോസിസ് ബാധിച്ചെന്ന് സ്ഥിരീകരിച്ചു. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മലിന ജലത്തിലൂടെയും മലിനമായ ഭക്ഷണ പദാര്‍ത്ഥങ്ങളിലൂടെയുമാണ് രോഗം പടരുന്നത്.

അബൂബക്കര്‍ സിദ്ധിഖ് എന്നയാളുടെ കുട്ടികളാണ് ദിവസങ്ങളുടെ വ്യത്യാസത്തില്‍ പനി ബാധിച്ച് മരിച്ചത്. 8 മാസം പ്രായമുള്ള മകള്‍ സിദത്തുല്‍ മുന്‍തഹയും 5 വയസ് പ്രായമുള്ള മകന്‍ സിനാനുമാണ് മരിച്ചത്.

മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ വൈറല്‍ ബാധയല്ല മരണകാരണമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍ .എന്നാല്‍ മരണകാരണം എന്തെന്ന് വ്യക്തമാകാത്തതിനെ തുടര്‍ന്ന് വീണ്ടും നടത്തിയ പരിശോധനയിലാണ് മിലിയോഡോസിസ് ആണ് മരണകാരണമെന്ന് കണ്ടെത്തിയത്.

മലിനമായ വെള്ളത്തില്‍ നിന്നോ ചെളിയില്‍ നിന്നോ ബാക്ടീരിയ മൂലം പിടിപെടുന്ന രോഗമാണ് മിലിയോഡോസിസ്. മഴക്കാലത്ത് ഈ രോഗം പടരുവാന്‍ സാധ്യത ഏറെയാണ്.

പ്രതിരോധ ശേഷി കുറഞ്ഞ കുട്ടികള്‍, പ്രായമേറിയവര്‍, ഗര്‍ഭിണികള്‍ എന്നിവരെയാണ് ഈ രോഗം കാര്യമായി ബാധിക്കുക. ചികിത്സ വൈകുന്തോറും മരണ സാധ്യതയും കൂടും. മാതാപിതാക്കളടക്കം, കുട്ടികളെ പരിചരിച്ച നാലുപേര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാണ്. രോഗത്തിന്റെ പ്രഭവ കേന്ദ്രം കണ്ടുപിടിക്കുന്നതിനായി പരിശോധന തുടരുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

death of the siblings myeloadosis confirmed

Top