സുശാന്ത് സിങിന്റെ മരണം; യാഷ് രാജ് ഫിലിംസിന്റെ കാസ്റ്റിങ് ഡയറക്ടറെ ചോദ്യം ചെയ്തു

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രമുഖ നിര്‍മാണ കമ്പനിയായ യാഷ് രാജ് ഫിലിംസിന്റെ കാസ്റ്റിങ് ഡയറക്ടറെ ചോദ്യം ചെയ്തു.

യാഷ് രാജിലെ കാസ്റ്റിങ് ഡയറക്ടറായ ഷാനു ശര്‍മയെയാണ് പൊലീസ് ചോദ്യം ചെയ്തത്. മുംബൈയിലെ ബാന്ദ്ര പൊലീസ് സ്റ്റേഷനില്‍ എത്തിച്ചാണ് ചോദ്യം ചെയ്തത്. പ്രഫഷനല്‍ വൈരാഗ്യമാണോ സുശാന്തിനെ ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. പൊലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഷാനു ശനിയാഴ്ച ഉച്ചയ്ക്കു ശേഷം ബാന്ദ്രയിലെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചേരുകയായിരുന്നു.

മറ്റു ചില നിര്‍മാണ കമ്പനികളുടെ പ്രവര്‍ത്തകരെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് പൊലീസ് അറിയിച്ചത്. ബോളിവുഡിലെ അറിയപ്പെടുന്ന കാസ്റ്റിങ് ഡയറക്ടര്‍മാരില്‍ ഒരാളാണ് ഷാനു ശര്‍മ. രണ്‍വീര്‍ സിങ്, അര്‍ജുന്‍ കപൂര്‍, വാണി കപൂര്‍ എന്നിവരെ യാഷ് രാജ് ചിത്രങ്ങള്‍ക്കായി നിര്‍ദേശിച്ചത് ഷാനുവാണ്. ശുദ്ധ് ദേശീ റൊമാന്‍സ്, ഡിക്ടറ്റീവ് ബ്യോംകേശ് ബക്ഷി എന്നീ ചിത്രങ്ങളില്‍ സുശാന്തുമായി ചേര്‍ന്ന പ്രവര്‍ത്തിച്ചിട്ടുണ്ട്.

Top