ഒരു കുടുംബത്തിലെ ആറു പേര്‍ സമാനമായ രീതിയില്‍ മരിച്ച സംഭവം: കല്ലറ തുറന്ന് പരിശോധന തുടങ്ങി

താമരശ്ശേരി: കൂടത്തായിയില്‍ അടുത്ത ബന്ധുക്കളായ ആറുപേര്‍ വര്‍ഷങ്ങളുടെ ഇടവേളയില്‍ മരിച്ച സംഭവത്തില്‍ കല്ലറകള്‍ തുറന്ന് പരിശോധന തുടങ്ങി. ബന്ധുക്കാളായ രണ്ടു കുടുംബങ്ങളിലുള്ളവര്‍ വര്‍ഷങ്ങളുടെ ഇടവേളയില്‍ ഒരേ സാഹചര്യത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട് ബന്ധു നല്‍കിയ പരാതിയിലാണ് പരിശോധന. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന ജില്ലാ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് പരിശോധന. കോടഞ്ചേരി സെന്റ് മേരീസ് ഫോറോന പള്ളിയില്‍ ക്രൈംബ്രാഞ്ച് സംഘം എത്തി പരിശോധ ആരംഭിച്ചു. സിലിയുടെയും രണ്ട് വയസുള്ള കുഞ്ഞിന്റെയും കല്ലറകള്‍ ആണ് ആദ്യം പരിശോധിക്കുന്നത്.

വിഷാംശം ഉള്ളില്‍ചെന്നാണോ മരിച്ചതെന്ന കാര്യമാണ് മുഖ്യമായും പരിശോധിക്കുന്നതെന്നാണ് സൂചന. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ പൊന്നാമറ്റം ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, മകന്‍ റോയി തോമസ്, അന്നമ്മയുടെ സഹോദരന്‍ കൂടത്തായി മച്ചാടിയില്‍ മാത്യു, ടോം തോമസിന്റെ സഹോദരപുത്രന്റെ ഭാര്യ സിലി, ഇവരുടെ രണ്ടുവയസ്സുള്ള മകള്‍ അല്‍ഫോന്‍സ എന്നിവരുടെ മരണം സംബന്ധിച്ചാണ് സംശയമുയര്‍ന്നിരിക്കുന്നത്. അമേരിക്കയില്‍ താമസിക്കുന്ന ടോം തോമസിന്റെ മകന്‍ റോജോ നല്‍കിയ പരാതിയിലാണ് കേസെടുത്ത് അന്വേഷണം നടക്കുന്നത്.

2002ല്‍ അന്നമ്മയാണ് ആദ്യം മരിച്ചത്. ഭക്ഷണം കഴിച്ചശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. 2008-ലായിരുന്നു ടോം തോമസിന്റെമരണം. 2011-ലായിരുന്നു റോയി തോമസ് മരിച്ചത്. 2014-ല്‍ മാത്യു മരിച്ചു. അതിനുശേഷം ടോം തോമസിന്റെ സഹോദരപുത്രന്റെ മകള്‍ അല്‍ഫോന്‍സ മരിച്ചു. പിന്നീട് സഹോദരപുത്രന്റെ ഭാര്യ സിലിയും മരിച്ചു. എല്ലാവരും ഭക്ഷണം കഴിച്ചശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നെന്ന് പറയുന്നു. മരണങ്ങളിലെ ഈ സമാനസാഹചര്യമാണ് സംശയത്തിലേക്ക് നയിച്ചത്.

റോയി തോമസ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് വീട്ടിലിരുന്നവര്‍ പറഞ്ഞിരുന്നെങ്കിലും ചിലര്‍ സംശയം ഉയര്‍ത്തിയതിനെത്തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തുകയും വിഷാംശം ഉള്ളില്‍ ചെന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു. ആത്മഹത്യ ചെയ്തുവെന്നായിരുന്നു അന്ന് പോലീസിന്റെ നിഗമനം.

പരാതിയുമായി ബന്ധപ്പെട്ട് ചിലരെ ക്രൈംബ്രാഞ്ച് പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴിയിലെ ചില വൈരുധ്യങ്ങള്‍ ഉദ്യോഗസ്ഥരെയും സംശയത്തിലാക്കി. ഇതോടെയാണ് കൂടുതല്‍ അന്വേഷണത്തിനായി കല്ലറ തുറന്ന് മൃതദേഹാവശിഷ്ടങ്ങള്‍ പരിശോധിക്കുന്നത്.

Top