കെ.എം ബഷീറിന്റെ മരണം; ശ്രീറാമും വഫയും കോടതിയില്‍ ഹാജരായില്ല

തിരുവനന്തപുരം: തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനും രണ്ടാം പ്രതി വഫയും ഇന്ന് കോടതിയില്‍ ഹാജരായില്ല. അപകട സമയത്തെ സിസിടിവി ദ്യശ്യങ്ങളടങ്ങിയ ഡിവിഡി ഹാജരാക്കാന്‍ തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു.

പൊലീസിനോടാണ് കോടതി ഡിവിഡി ഹാജരാക്കാന്‍ നിര്‍ദേശിച്ചത്. രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ശ്രീറാം ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കേസ് സെഷന്‍സ് കോടതിയിലേക്ക് വിചാരണയ്ക്കായി മാറ്റാനിരിക്കെയാണ് പുതിയ ഹര്‍ജിയുമായി ശ്രീറാമിന്റെ അഭിഭാഷകന്‍ രംഗത്തെത്തിയത്. നടപടി തടസ്സപ്പെടുത്തുന്ന രീതിയില്‍ പ്രതിയുടെ ഭാഗത്തു നിന്നുള്ള നീക്കത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.

Top