ഹാരിസിന്റെ മരണം; പ്രത്യേക സംഘം അന്വേഷിക്കും

എറണാകുളം: കളമശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗി ജീവനക്കാരുടെ അനാസ്ഥ മൂലം മരിച്ചെന്ന പരാതി കളമശ്ശേരി സിഐയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം അന്വേഷിക്കും. ഇന്നുതന്നെ യോഗം ചേര്‍ന്ന് അന്വേഷണം എങ്ങനെ നടത്തണം എന്ന് തീരുമാനിക്കും. പ്രാഥമിക അന്വേഷണം തുടങ്ങിയതായി കളമശ്ശേരി സിഐ പറഞ്ഞു. സംഭവത്തില്‍ ആരോഗ്യവകുപ്പും അന്വേഷണം തുടങ്ങി.

ആരോഗ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആരോഗ്യ വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ റംല ബീവി ആണ് അന്വേഷണം നടത്തുന്നത്. മെഡിക്കല്‍ കോളേജ് അധികൃതരില്‍ നിന്നും ബന്ധപ്പെട്ട വകുപ്പ് മേധാവികളില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിയുമെന്നും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കി.

ചികിത്സയില്‍ ഒരു വീഴ്ചയും വന്നിട്ടില്ലെന്നാണ് മെഡിക്കല്‍ കോളേജിന്റെ വിശദീകരണം. ഹാരിസ് മരിച്ചത് വെന്റിലേറ്ററിന്റെ ട്യൂബ് മാറിക്കിടന്നതിനാല്‍ ആണെന്നുള്ള നഴ്‌സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശം സത്യവിരുദ്ധമാണെന്നും കളമശ്ശേരി മെഡിക്കല്‍ കേളേജ് അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഹാരിസ് മരിച്ചത് വെന്റിലേറ്ററിന്റെ ട്യൂബ് മാറിക്കിടന്നതിനാല്‍ ആണെന്നുള്ള നഴ്‌സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശം വ്യാജമല്ലെന്ന് സ്ഥിരീകരിച്ച് വനിതാ ഡോക്ടര്‍ നജ്മ രംഗത്ത് വന്നിരുന്നു.

Top