കെട്ടിടം കരാറുകാരന്റെ മരണം; കരുണാകരന്‍ ട്രസ്റ്റിനെതിരെ ഗുരുതര ആരോപണം

dead body

കണ്ണൂര്‍: കണ്ണൂരിലെ ചെറുപുഴയില്‍ കോണ്‍ട്രാക്റ്റര്‍ ആത്മഹത്യ ചെയ്ത കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട കെ കരുണാകരന്‍ ട്രസ്റ്റിനെതിരെ ഗുരുതര ആരോപണവുമായി ട്രസ്റ്റ് മുന്‍ വൈസ് ചെയര്‍മാന്‍ ജെയിംസ് പന്തമാക്കന്‍ രംഗത്ത്.

സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിക്ക് വേണ്ടി കെ കരുണാകരന്‍ ട്രസ്റ്റ് തുടങ്ങിയ സംരംഭം ഷോപ്പിങ് കോംപ്ലക്‌സ് ആക്കിയതില്‍ കോടികളുടെ വെട്ടിപ്പ് നടന്നെന്നാണ് ആരോപണം. പൊലീസിന് അന്ന് നല്‍കിയ പരാതി അന്വേഷിച്ചിരുന്നുവെങ്കില്‍ ജോയിക്ക് ആത്മഹത്യ ചെയ്യേണ്ടി വരില്ലായിരുന്നുവെന്നും ട്രസ്റ്റ് മുന്‍ വൈസ് ചെയര്‍മാന്‍ ജെയിംസ് പന്തമാക്കന്‍ പറയുന്നു.

ചെറുപുഴയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തിലാണ് 2011 ല്‍ കെ. കരുണാകരന്‍ ട്രസ്റ്റ് രൂപീകരിക്കുന്നത്.

അതേസമയം, കണ്ണൂരിലെ ചെറുപുഴയില്‍ കെട്ടിടം കരാറുകാരനായ ജോയിയുടെ മരണത്തിന് പിന്നിലുള്ള കാരണം അന്വേഷിക്കാന്‍ മൂന്നംഗ സമിതിക്ക് രൂപം നല്‍കിയതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

കെപിസിസി ജനറല്‍ സെക്രട്ടറിമാരായ വിഎ നാരായണന്‍, കെപി അനില്‍കുമാര്‍, കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ധിഖ് എന്നിവരടങ്ങിയ സമിതിക്കാണ് രൂപം നല്‍കിയത്.

സംഭവത്തിന്റെ കാരണം അന്വേഷിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് കെപിസിസിക്ക് കൈമാറണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജോയിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മരിക്കുന്നതിന് തലേ ദിവസം മുദ്രപത്രം ഉള്‍പ്പെടെയുള്ള രേഖകള്‍ സഹിതമാണ് ജോയ് പോയതെന്നും ഈ രേഖകള്‍ കാണാനില്ലെന്നുമാണ് കുടുംബം പറയുന്നത്.

സംഭവ ദിവസം രാത്രി 3.30 വരെ പൂര്‍ണമായി തെരച്ചില്‍ നടത്തിയ അതേ കെട്ടിടത്തില്‍ തന്നെ മൃതദേഹം കണ്ടതില്‍ ദുരൂഹതയുണ്ടെന്നും അപായപ്പെടുത്തിയ ശേഷം മൃതദേഹം അവിടെ കൊണ്ടു വന്നു വെച്ചതാകാമെന്ന സംശയം ഉണ്ടെന്നും രണ്ടു കൈകളിലേയും ഒരു കാലിലെയും ഞരമ്പുകള്‍ മുറിച്ച നിലയില്‍ കണപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചു.

Top