പൊലീസുകാരിയുടെ മരണം; നേരത്തെയും പ്രതി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് അമ്മയുടെ മൊഴി

ആലപ്പുഴ: മാവേലിക്കരയില്‍ കൊല്ലപ്പെട്ട സിപിഒ സൗമ്യയുടെ അമ്മയുടെ മൊഴി പുറത്ത്. അജാസ് നേരത്തെയും മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായിട്ടാണ് സൗമ്യയുടെ അമ്മ ഇന്ദിരയുടെയുടെ മൊഴി. വായ്പ വാങ്ങിയ പണം തിരികെ കൊടുത്തിട്ടും അജാസ് വാങ്ങാന്‍ തയാറായില്ല. ഭര്‍ത്താവിനെ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യം വള്ളിക്കുന്ന് എസ്ഐയെ മൂന്നു മാസം മുമ്പ് അറിയിച്ചിരുന്നെന്നും ഇന്ദിര പറഞ്ഞു.

അജാസില്‍ നിന്ന് അമ്മയ്ക്കു ഭീഷണി ഉണ്ടായിരുന്നെന്നു സൗമ്യയുടെ മകന്‍ പറഞ്ഞിരുന്നു.അജാസില്‍ നിന്ന് നിരന്തരം ശല്യമുണ്ടായിരുന്നുവെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ പൊലീസിനോട് കാര്യങ്ങള്‍ പറയണമെന്ന് അമ്മ തന്നോട് നിര്‍ദേശിച്ചിരുന്നുവെന്നാണ് സൗമ്യയുടെ 12 വയസ്സുള്ള മകന്‍ ഋഷികേഷ് മൊഴി നല്‍കിയത്.

ആലപ്പുഴ വള്ളികുന്നം വട്ടയ്ക്കാട് സ്‌കൂളില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ക്യാംപില്‍ പങ്കെടുത്തു മടങ്ങുമ്പോഴാണ് സൗമ്യയെ ആലുവ ട്രാഫിക് പൊലീസിലെ ഉദ്യോഗസ്ഥനായ അജാസ് കൊലപ്പെടുത്തിയത്. ആക്രമിക്കുമെന്നു കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ കഴുത്തിനു വെട്ടി താഴെയിട്ടു. ശേഷം പെട്രോളൊഴിച്ചു കത്തിക്കുകയായിരുന്നു. ആക്രമണത്തിനിടയില്‍ പ്രതിക്കും പൊള്ളലേറ്റു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

സൗമ്യയുടെ ഭര്‍ത്താവ് വിദേശത്താണ്. ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. കാറിനുള്ളില്‍ കന്നാസില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ ഒഴിച്ചാണ് സൗമ്യയെ തീ കൊളുത്തിയത്. സൗമ്യയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണു പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. വള്ളിക്കുന്നം കാഞ്ഞിപ്പുഴ പള്ളിക്കു സമീപത്തുള്ള ആളൊഴിഞ്ഞ കവലയില്‍ വച്ചായിരുന്നു സംഭവം.

അതേസമയം പ്രതിക്കു പൊള്ളലേറ്റതിനാല്‍ പൊലീസിനു ചോദ്യം ചെയ്യാനായിട്ടില്ല. സൗമ്യയുടെ ദേഹത്തേക്കു പെട്രോളൊഴിച്ചു തീകത്തിക്കുന്നതിനിടെയായിരുന്നു ഇയാള്‍ക്കും പൊള്ളലേറ്റത്. ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണു നാട്ടുകാര്‍ പിടികൂടിയത്. സൗമ്യയെ വെട്ടുന്നതിനിടയിലും ഇയാള്‍ക്കു പരുക്കേറ്റു.

Top