ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; ഡോക്ടര്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പൊലീസ്

പത്തനംതിട്ട: പത്തനംത്തിട്ടയില്‍ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് അമ്പലപ്പുഴ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞ് മരിച്ചത്. ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് നടപടി.

അമ്പലപ്പുഴ സ്വദേശികളായ ഹരികൃഷ്ണന്‍ – വന്ദന ദമ്പതികളുടെ ആണ്‍കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് അനക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഈ മാസം 8 മുതല്‍ 12 വരെ വന്ദന പുഷ്പഗിരി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇന്നലെ രാവിലെ വീണ്ടും കുഞ്ഞിന് അനക്കം കുറഞ്ഞപ്പോള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി. എന്നാല്‍ കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കുന്നതില്‍ ഡോക്ടര്‍ അലംഭാവംകാട്ടിയെന്നാണ് പരാതി. വൈകിട്ട് സ്‌കാന്‍ ചെയ്തപ്പോള്‍ കുഞ്ഞ് മരിച്ചെന്ന് അറിയുകയായിരുന്നു.

തിരുവല്ല പുഷ്പഗിരിയിലെ ഗൈനക്കോളജിസ്റ്റിനെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തത്. നിലവില്‍ ഡോക്ടറുടെ പേര് എഫ്‌ഐഐറില്‍ ചേര്‍ത്തിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടിയുണ്ടാകുമെന്ന് തിരുവല്ല പൊലീസ് അറിയിച്ചു. അതേസമയം, ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപ വിശദീകരണം.

Top