ശ്രീറാം വെങ്കിട്ടരാമന്റ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ മുഹമ്മദ് ബഷീറിന്റെ അപകട മരണം സംബന്ധിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി.

ശ്രീറാമിന് ജാമ്യം അനുവദിച്ച കീഴ്‌ക്കോടതി നടപടി ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. ശ്രീറാമിന്റെ ജാമ്യം റദ്ദാക്കണമെന്നും കേസില്‍ തുടരുന്നെന്നുമായിരുന്നു പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ കേസിന്റെ തെളിവുശേഖരണത്തിലുള്‍പ്പെടെ സര്‍ക്കാരിനുണ്ടായ പിഴവ് കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കുമ്പോള്‍ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന്, സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളിക്കളയുകയും ചെയ്തു.

ശ്രീറാം വെങ്കിട്ടരാമനെതിരായ കുറ്റപത്രം 30 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്ന് ഡിജിപി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ബഷീറിന്റെ മരണത്തിന് കാരണമായി വാഹനം ഓടിച്ചത് താനാണെന്നും എന്നാല്‍ മദ്യപിച്ചിരുന്നില്ലെന്നും അന്വേഷണസംഘത്തോട് ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞിരുന്നു. എന്നാല്‍ അപകട സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായാണ് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയത്.

Top