‘ഏകാധിപതിയുടെ മരണം’; ഇറാനിൽ മുദ്രാവാക്യവുമായി പ്രക്ഷോഭകര്‍ തെരുവിൽ

ടെഹ്റാൻ : ഇറാനില്‍ മുടി മറക്കാത്തതിന് അറസ്റ്റിലായ 22 വയസുകാരി മഹ്‍സ അമീനി മരിച്ചതോടെ ആരംഭിച്ച പ്രക്ഷോഭം 10 ദിവസം പിന്നിടുകയാണ്. ഈ പ്രക്ഷോഭത്തിൽ അനൗദ്യോഗിക കണക്കുകൾ പ്രകാരം മരിച്ചവരുടെ എണ്ണം 75 ആയി. ആയിരക്കണക്കിന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ നടന്ന പ്രതിഷേധത്തിൽ ആൾക്കൂട്ടത്തിൽ നിന്ന് ഉയര്‍ന്ന മുദ്രാവാക്യം ഇറാനിലെ ഭരണകൂടത്തോടുള്ള ജനങ്ങളുടെ വെറുപ്പ് വ്യക്തമാക്കുന്നതാണ്. ‘ഏകാധിപതിയുടെ മരണം’ എന്ന മുദ്രാവാക്യമാണ് രാജ്യ തലസ്ഥാനത്ത് ഉയരുന്നത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമൈനിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മുപ്പത് വര്‍ഷമായി തുടരുന്ന ഭരണം അവസാനിപ്പിക്കണമെന്ന ആവശ്യമാണ് തെരുവുകളിൽ ഉയരുന്നത്.

ഇറാനിലെ പ്രധാന നഗരങ്ങളിൽ നിന്ന് ചെറു പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും പ്രക്ഷോഭം വ്യാപിച്ചു കഴിഞ്ഞു. സെപ്തംബര്‍ 17 ന് ആരംഭിച്ച പ്രക്ഷോഭത്തിൽ ഇപ്പോഴും സുരക്ഷാ ഉദ്യോഗസ്ഥരും പ്രക്ഷോഭകരുമടക്കം 41 പേര്‍ മരിച്ചുവെന്ന കണക്കാണ് സ്റ്റേറ്റ് ടി വി പുറത്തുവിടുന്നത്. ശരിയായ രീതിയില്‍ ശിരോവസ്‍ത്രം ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത ശേഷം ക്രൂരമായി ആക്രമിക്കപ്പെട്ട് 22 കാരി കൊല്ലപ്പെട്ടതിന്റെ പേരിലാണ് പ്രക്ഷോഭം എന്നത് അംഗീകരിക്കാതെ വിദേശ ഗൂഢാലോചന എന്ന് പറഞ്ഞ് പ്രക്ഷോഭത്തെ തള്ളുകയാണ് ഇറാൻ ഭരണകൂടം ചെയ്യുന്നത്. വിദേശ സോഷ്യൽ മീഡിയ ആപ്പുകളായ വാട്സാപ്പ്, ലിങ്ക്ഡ് ഇൻ, ഇൻസ്റ്റഗ്രാം എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഇറാന് പുറത്തേക്ക് പ്രക്ഷോഭത്തിന്റെ വീഡിയോകൾ പുറത്തെത്തിക്കുന്നതിനെ പരിമിതപ്പെടുത്തിയിരിക്കുകയാണ്.

നൂറ് കണക്കിന് മാധ്യമപ്രവർത്തകരേയും സാമൂഹ്യപ്രവർത്തകരെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രക്ഷോഭകര്‍ പൊതു മതുലുകളും സ്വകാര്യ മുതലുകളും തീയിട്ടുവെന്നാണ് ഇറാനിയൻ സർക്കാർ പറയുന്നത്. സ്ത്രീകൾ പൊതു നിരത്തിൽ ഹിജാബ് ഊരി എറിയുകയും കത്തിക്കുകയും മുടി മുറിച്ച് കളയുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

Top