ഫാത്തിമ ലത്തീഫിന്റെ മരണം : അധ്യാപകരെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ആരോപണവിധേയരായ അധ്യാപകരെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഐഐടി അധ്യാപകരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിവരെ ക്രൈംബ്രാഞ്ച് ഇന്നലെ രണ്ടര മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഐഐടി ഗസ്റ്റ് ഹൗസില്‍ വച്ചാണ് അധ്യാപകരെ ചോദ്യം ചെയ്തത്.

അതേസമയം ഫാത്തിമ ലത്തീഫിന്റെ മരണം ആഭ്യന്തര സമിതി അന്വേഷിക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം മദ്രാസ് ഐഐടി ഡയറക്ടര്‍ തള്ളി. പൊലീസ് അന്വേഷണം നടക്കുന്നതിനാല്‍ സമാന്തര അന്വേഷണം നടത്താനാവില്ലെന്ന് ഡയറക്ടര്‍ ഭാസ്‌കര്‍ രാമമൂര്‍ത്തി അറിയിച്ചു.

നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ ഫാത്തിമയുടെ മൊബൈല്‍ ഫോണിന്റെ ഫോറന്‍സിക് പരിശോധനഫലം വിശദമായി പരിശോധിച്ച ശേഷം അടുത്ത നടപടി സ്വീകരിക്കാനാണ് ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്. ഫാത്തിമയുടെ സഹപാഠികള്‍ ഉള്‍പ്പെടെ മുപ്പതോളം പേരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി.

സംഭവത്തില്‍ ആഭ്യന്തര അന്വഷണം അടക്കം ആവശ്യപ്പെട്ട് ഐഐടിയില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. മരണത്തില്‍ വ്യക്തതവേണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ചെന്നൈയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും.

Top