‘മരണം കോൺഗ്രസിലെ ചിലരുടെ മാനസിക പീഡനം മൂലം’; പ്രതാപചന്ദ്രന്റെ മക്കൾ ഡിജിപിക്ക് പരാതി നൽകി

തിരുവനന്തപുരം: കെപിസിസി ട്രഷറർ ആയിരുന്ന അഡ്വക്കേറ്റ് വി പ്രതാപചന്ദ്രന്റെ മരണം കോൺഗ്രസിലെ ചിലരുടെ മാനസിക പീഡനത്തെ തുടർന്നാണെന്ന് ചൂണ്ടിക്കാട്ടി കുടുംബത്തിന്റെ പരാതി. കുടുംബം ഡിജിപിക്ക് പരാതി നൽകി. പ്രമോദ് കോട്ടപ്പള്ളി, രമേശൻ എന്നിവർക്കെതിരെയാണ് പരാതി. മക്കളായ പ്രജിത്ത്, പ്രീതി എന്നീവരാണ് പരാതി നൽകിയത്. പരാതിയുടെ പകർപ്പ് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും നൽകിയിട്ടുണ്ട്.

കെപിസിസി യുടെ ഫണ്ട് കട്ടുമുടിക്കുന്നു എന്ന തരത്തിൽ ചില മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ച വാർത്ത പ്രതാപചന്ദ്രന് അപകീർത്തിയും മാനസിക ആഘാതവും ഉണ്ടാക്കിയെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും പരാതിയിൽ ആരോപിക്കുന്നു. ഈ അപവാദ പ്രചാരണത്തിന് പിന്നിലുള്ളവരെന്ന് സംശയിക്കുന്ന കോഴിക്കോട് സ്വദേശികളായ പ്രമോദ് ,രമേശൻ എന്നീവർക്ക് എതിരെ പൊലീസിൽ പരാതി നൽകാൻ പ്രതാപചന്ദ്രൻ മരിക്കുന്നതിന് മുമ്പ് തീരുമാനിച്ചിരുന്നതായി മക്കൾ പറഞ്ഞു. ഇതിനായി തലസ്ഥാനത്തെ ഒരു വക്കീലിനെ ചുമതലപ്പെടുത്തിയിരുന്നു. പരാതി നൽകുന്ന കാര്യം കെപിസിസി അദ്ധ്യക്ഷനെ അറിയിച്ചിരുന്നതായും ഡിജിപിക്ക് നൽകിയ പരാതിയിൽ സൂചിപ്പിക്കുന്നു.

ആരോപണ വിധേയരായ പ്രമോദും രമേശും കോൺഗ്രസിന്റെ സിയുസി (കോൺഗ്രസ് യൂണിറ്റ് കമ്മറ്റി) സംവിധാനത്തിന്റെ ചുമതലക്കാരാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പ്രതാപചന്ദ്രനെ ഓഫീസിൽ വച്ച് പ്രമോദ് എന്നയാൾ നിരന്തരം ആക്ഷേപിച്ചിരുന്നതായും ഇത് അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരുന്നു. മരണത്തിന് കാരണക്കാരനായവരെ നീതിപൂർവ്വമായ അന്വേഷണത്തിലൂടെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്നാണ് അദ്ദേഹത്തിന്റെ മക്കളുടെ ആവശ്യം.കെപിസിസി ട്രഷറർ എന്ന നിലയിൽ ഏറെക്കാലം പ്രവർത്തിച്ചിരുന്ന അഡ്വക്കേറ്റ് വി പ്രതാപചന്ദ്രൻ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ജനകീയനും, മുൻമന്ത്രിയും കെപിസിസി അദ്ധ്യക്ഷനുമായിരുന്ന എസ് വരദരാജൻ നായരുടെ മകനുമാണ്. കഴിഞ്ഞ ദിവസം പ്രതാപ് ചന്ദ്രന്റെ വസതിയിൽ എത്തി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ കണ്ട് അനുശോചനം അറിയിച്ചിരുന്നു.

Top