കോവിഡ്-19 മൂലം മരണം: നഷ്ടപരിഹാരത്തിന് മേയ് 23 വരെ അപേക്ഷിക്കാം

ഡൽഹി: 2022 മാർച്ച് 20-ന് മുമ്പ് കോവിഡ്-19 മൂലം സംഭവിച്ച മരണങ്ങളിൽ നഷ്ടപരിഹാരത്തിനായുള്ള അപേക്ഷ നൽകാൻ മേയ് 23 വരെ സമയമുണ്ടെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. 2022 മാർച്ച് 24 മുതൽ അറുപത് ദിവസത്തെ അധിക സമയ പരിധി ബാധകമായിരിക്കുമെന്ന് സുപ്രീം കോടതി നിർദേശിച്ചതിനെ തുടർന്നാണ് ഇത്.

ഭാവിയിലെ കോവിഡ്-19 മൂലമുള്ള മരണങ്ങൾക്ക് നഷ്ടപരിഹാരത്തിനായുള്ള അപേക്ഷ സമർപ്പിക്കുന്നതിന്, മരണത്തിയതി മുതൽ തൊണ്ണൂറ് ദിവസം സമയവും നൽകും. അപേക്ഷ മരണം സംഭവിച്ച് നാലാഴ്ചയ്ക്കുള്ളിൽ അപേക്ഷ നൽകണമെന്ന കേന്ദ്ര നിലപാട് സുപ്രീം കോടതി തള്ളിയിരുന്നു. അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം തുക അനുവദിക്കണമെന്നാണ് നിർദേശം. നിശ്ചിത സമയത്ത് അപേക്ഷിക്കാനായില്ലെങ്കിൽ പരാതി പരിഹാര സമിതിയെ സമീപിക്കാവുന്നതാണ്. അപേക്ഷകന് തന്റെ നിയന്ത്രണത്തിന് അതീതമായ കാരണത്താൽ നിശ്ചിത പരിധിയ്ക്കുള്ളിൽ അവകാശവാദം ഉന്നയിക്കാൻ കഴിഞ്ഞില്ലെന്ന് സമിതി കണ്ടെത്തിയാൽ അർഹിക്കുന്ന പരിഗണന നൽകി അവരുടെ കേസ് പരിഗണിക്കും.

നഷ്ടപരിഹാരത്തിനുള്ള വ്യാജ അപേക്ഷകൾ ഒഴിവാക്കുന്നതിനായി, ലഭിച്ച അപേക്ഷകളുടെ 5% ന്മേൽ ആകസ്‌മിക സൂക്ഷ്മപരിശോധന ആദ്യ ഘട്ടത്തിൽ തന്നെ നടത്തണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ആരെങ്കിലും വ്യാജ അവകാശവാദം ഉന്നയിച്ചതായി കണ്ടെത്തിയാൽ 2005 ലെ ഡിഎം നിയമം, വകുപ്പ് 52 പ്രകാരം പരിഗണിക്കുകയും ശിക്ഷ ലഭിക്കുകയും ചെയ്യും.

Top