കോവിഡ് പ്രതിസന്ധി; കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധന മരവിപ്പിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പുതുക്കിയ ക്ഷാമബത്ത നല്‍കില്ലെന്ന് തീരുമാനം. ബുധനാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. കോവിഡ് ബാധയെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് പുതുക്കിയ ക്ഷാമബത്ത നല്‍കേണ്ടതില്ലെന്ന തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്.

കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ ക്ഷാമബത്ത 17 ശതമാനത്തില്‍ നിന്ന് 21 ശതമാനമാക്കി വര്‍ധിപ്പിച്ചത്. ജനുവരി ഒന്ന് മുതല്‍ നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍, ഈ കലണ്ടര്‍ വര്‍ഷത്തില്‍ ഇതു നടപ്പാക്കേണ്ടെന്നാണ് തീരുമാനം.

2020 ജനുവരി, ജൂലൈ, 2021 ജനുവരി എന്നീ കാലയളവിലെ ക്ഷാമബത്ത വര്‍ധനയും വേണ്ടെന്നുവെച്ചിട്ടുണ്ട്.

അതേസമയം, നിലവിലുള്ള ക്ഷാമബത്താ നിരക്ക് തുടരുമെന്നും കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. ക്ഷാമബത്താ വര്‍ധനവ് മരവിപ്പിച്ചതിലൂടെ 2021 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 27,000 കോടി രൂപയുടെ ചിലവ് കുറയ്ക്കാനാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

Top